പുതിയ ഐടി നിയമം തങ്ങള്‍ക്ക് ബാധകമല്ല; ഹൈക്കോടതിയില്‍ കാരണം ബോധിപ്പിച്ച്‌ ഗൂഗിള്‍

സ്വന്തം ലേഖകൻ -

ന്യൂഡല്‍ഹി>>>  ഇന്ത്യയിലെ പുതിയ ഐ.ടി. ചട്ടം തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഗൂഗിള്‍. സെര്‍ച്ച്‌ എന്‍ജിന്‍ മാത്രമായതിനാല്‍ ഐടി ചട്ടം ബാധകമല്ലെന്നാണ് ഗൂഗിള്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. തങ്ങള്‍ ഇടനിലക്കാരാണെങ്കിലും സാമൂഹിക മാദ്ധ്യമ ഇടനിലക്കാരല്ലെന്നും ഗൂഗിള്‍ പറയുന്നു.

കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗൂഗിള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീയുടെ ചിത്രം അശ്ലീല വെബ്സൈറ്റില്‍ നിന്ന് നീക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഗൂഗിള്‍ പൂര്‍ണമായും നീക്കിയില്ലെന്ന പരാതിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഏപ്രില്‍ 20 നാണ് സ്ത്രീയുടെ ചിത്രം നീക്കാന്‍ ഗൂഗിളിനോട് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്.

വേള്‍ഡ് വൈഡ് വെബ്ബില്‍ നിന്ന് ചിത്രം പൂര്‍ണമായും നീക്കിയിട്ടില്ലെന്നും മറ്റുപല വെബ്സൈറ്റുകളിലും ചിത്രം പോസ്റ്റ് ചെയ്തുവരുകയാണെന്നുമായിരുന്നു സ്ത്രീയുടെ പരാതി. തങ്ങള്‍ സാമൂഹിക മാദ്ധ്യമ ഇടനിലക്കാരാണെന്ന സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം റദ്ദാക്കണമെന്നാണ് ഗൂഗിളിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഫേയ്സ്ബുക്ക്, അശ്ലീല വെബ്സൈറ്റ്, പരാതിക്കാരി എന്നിവരോടും ഡിവിഷന്‍ ബെഞ്ച് മറുപടി അറിയിക്കാന്‍ ആവശ്യപ്പെട്ടു. ജൂലായ് 25-ന് കേസ് വീണ്ടും പരിഗണിക്കും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →