Type to search

പാറപ്പുറം വല്ലം കടവ് പാലം നിർമ്മാണം ഉടൻ പുനരാരംഭിക്കും : എൽദോസ് കുന്നപ്പിള്ളി

Uncategorized

പെരുമ്പാവൂർ : പാതി വഴിയിൽ നിർമ്മാണം നിലച്ച  പാറപ്പുറം വല്ലം കടവ് പാലം നിർമ്മാണം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഒക്ടോബർ ക്വാർട്ടറിലെ ലോക്കൽ മാർക്കറ്റിങ് റേറ്റ് ( എൽ.എം.ആർ ) നിശ്ചയിച്ചു നൽകുവാൻ പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് എംഎൽഎ നിർദ്ദേശം നൽകി. പാലത്തിന്റെ ടെൻഡർ നടപടികളിൽ ഉണ്ടായ അനിശ്ചിതത്വം നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയറുമായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. 

9.63 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് രണ്ടാമത് ടെൻഡർ വിളിച്ചത്. എന്നാൽ 10.50 കോടി രൂപയാണ് ഏറ്റവും കുറഞ്ഞ തുകയായി ടെൻഡറിൽ പങ്കെടുത്ത ഏജൻസി നൽകിയിരിക്കുന്നത്. ഇത് സർക്കാർ അംഗീകരിച്ചതിന് ശേഷം മാത്രമാണ് പദ്ധതി പുനരാരംഭിക്കുകയുള്ളൂ. ഇതിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കണം എന്ന് എൽദോസ് കുന്നപ്പിള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുരോട് നിർദ്ദേശം നൽകിയിട്ടുണ്ട്. 
ആകെയുള്ള 9 സ്പാനുകളിൽ 3 എണ്ണത്തിന്റെ നിർമ്മാണം മാത്രമാണ് പൂർത്തീകരിച്ചത്. ഇനി 6 സ്പാനുകളുടെ നിർമ്മാണം ആണ് ബാക്കിയുള്ളത്. പാലത്തിന്റെ രണ്ട് വശങ്ങളിൽ അപ്രോച്ച് റോഡും പൂർത്തികരിക്കുവാനുണ്ട്. പെരുമ്പാവൂർ ഭാഗത്ത് 230 മീറ്ററും പാറപ്പുറം ഭാഗത്ത് 80 മീറ്ററും അപ്രോച്ച് റോഡും നിർമ്മിക്കും. കൂടാതെ ഒരു ബോക്‌സ് കലുങ്കും ഇതോടൊപ്പം നിർമ്മിക്കും. നടപ്പാത ഉൾപ്പെടെ 11.23 മീറ്റർ വീതിയിൽ 290 മീറ്റർ നീളത്തിലുമാണ് പാലം നിർമ്മിക്കുന്നത്. 
സ്ഥലം ഏറ്റെടുത്തതിനുള്ള 80 ശതമാനം തുകയും നൽകി കഴിഞ്ഞു. പാലം പൂര്‍ത്തിയാകുന്നതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂര്‍ ഫൊറോന പള്ളി എന്നിവിടങ്ങളിലേക്ക് ഗതാഗത കുരുക്കില്‍ പെടാതെ എത്താനാകും. കിഴക്കന്‍ ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് ഏകദേശം 8 കിലോമീറ്റര്‍ ലാഭിക്കാനാകും. പാറപ്പുറം, വെള്ളാരപ്പിള്ളി, കാഞ്ഞൂര്‍, തുറവുംകര, പുതിയേടം പ്രദേശങ്ങള്‍ക്ക് പെരുമ്പാവൂര്‍ പട്ടണത്തിലേക്ക് എളുപ്പത്തില്‍ എത്താനാകും. ശ്യാമ ഡൈനാമിറ്റ്‌സ് ആണ് നിർമ്മാണ ചുമതല നിർവഹിക്കുന്നത്. 


പെരുമ്പാവൂർ ആലുവ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പെരുമ്പാവൂർ നഗരസഭയിലെ വല്ലം പ്രദേശത്തേയും കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറം പ്രദേശത്തേയും ബന്ധിപ്പിക്കുന്ന പെരിയാർ നദിക്ക് കുറുകെയാണ് ഈ പാലം.  2017 ലാണ് പാലത്തിന് തുടക്കമിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു രണ്ട് വർഷങ്ങൾക്കുള്ളിൽ പൂർത്തീകരിക്കും എന്ന് കരാറുകാർ അവകാശപ്പെട്ടിരുന്നെങ്കിലും രണ്ട് വർഷങ്ങൾക്ക് ശേഷം നിർമ്മാണം നിലക്കുകയായിരുന്നു. തുടർന്ന് പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ നടപടികൾ പൂർത്തികരിച്ച ശേഷമാണ് നിർമ്മാണം പുനരാരംഭിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.