പരീക്ഷണഘട്ടം മറികടക്കുമോ..?തോറ്റാണ് ജോസ് കെ. മാണി തുടങ്ങിയത്.ഒന്നല്ല രണ്ടു വട്ടം ഒറ്റയ്ക്ക് നയിക്കാന്‍ ജോസ് കെ. മാണി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോട്ടയം:തോറ്റാണ് ജോസ് കെ. മാണി തുടങ്ങിയത്. ഒന്നല്ല രണ്ടു വട്ടം. 2004-ല്‍ മൂവാറ്റുപുഴയില്‍ പി.സി. തോമസിനോട് തോല്‍ക്കുക മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. പാര്‍ട്ടി സ്ഥാപകരില്‍ ഒരാളായ പി.ടി. ചാക്കോയുടെ മകന്‌ കേരള കോണ്‍ഗ്രസില്‍നിന്ന് പുറത്തേക്കു വഴിതെളിച്ചാണ് അന്ന് മാണി മകനെ കളത്തിലിറക്കിയത്. മാണിക്കെതിരെ കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പള്ളി പിതാവും പി.സി. ജോര്‍ജും കൈ കോര്‍ത്തപ്പോള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായാണ്‌ പി.സി. തോമസ് ജയിച്ചതെന്ന് ഓര്‍ക്കുക.

കഴിഞ്ഞ വര്‍ഷം മാണിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിന്റെ പേരില്‍ ജോസഫിനോട് ജോസ് ഇടഞ്ഞു. ജോസഫ് വഴങ്ങിയില്ല. കോടതി വര്‍ക്കിങ് ചെയര്‍മാന് അധികാരം കൊടുത്തു. അഭിമാനചിഹ്നമായ രണ്ടില കിട്ടാതെ പാലായില്‍ മത്സരിക്കാന്‍ തുനിഞ്ഞു. ജോസഫിന് എതിര്‍ത്ത്‌ ചിഹ്നം വേണ്ടെന്ന് കട്ടായം പറഞ്ഞു. ജോസഫിനെ അവഗണിച്ച് ജോസ് ടോമിന് ചിഹ്നം കെ.എം മാണിയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ രണ്ടാം അങ്കമായ പാലാ ഉപതിരഞ്ഞെടുപ്പിലും കൈപൊള്ളി. തമ്മില്‍തല്ലി പാലാ പോലൊരു സീറ്റ് നഷ്ടപ്പെടുത്തിയത് മുതല്‍ കോണ്‍ഗ്രസും യു.ഡി.എഫും ജോസ് കെ. മാണിയോട് അനിഷ്ടത്തിലാണ്. ആദ്യം മൂവാറ്റുപുഴയില്‍ തിരിച്ചടി നേരിട്ട ജോസ് കെ. മാണി കോട്ടയത്ത് രണ്ട് തവണ ജയിച്ചു.

പാലാ അങ്കം തോറ്റെങ്കിലും തിരിച്ചുവരാന്‍ ജോസ് കെ. മാണിക്ക് കഴിയുമോ? കേരള രാഷ്ട്രീയം ഇനി തേടുന്ന ഉത്തരമായിരിക്കുമിത്.

കെ.എം മാണി ചെയ്തതുപോലെ ഒറ്റയ്ക്ക് നിന്നുള്ള സാഹസത്തിന് തീരെ സമയമില്ല. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. യു.ഡി.എഫ്. പുറത്താക്കിയെങ്കിലും അവര്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ല. പക്ഷേ ഇത്രയും വിലപേശി ഒടുവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കീഴടങ്ങാന്‍ കഴിയുമോ എന്നു കണ്ടറിയണം.

അപ്പോള്‍ പിന്നെ ഇടതുപക്ഷത്തിന്റെ വാതിലില്‍ മുട്ടുകയേ തരമുള്ളൂ. ബി.ജെ.പി. പാളയമാണ് മറ്റൊരു സാധ്യത. രണ്ട് എം.പിമാര്‍(ജോസ് കെ. മാണി രാജ്യസഭയിലും തോമസ് ചാഴികാടന്‍ ലോക്‌സഭയിലും) ഉള്ളതിനാല്‍ ഒരു മന്ത്രിസ്ഥാനം കിട്ടിയേക്കാം. മന്ത്രിസ്ഥാനം കിട്ടിയാലും അവശേഷിക്കുന്നവരില്‍നിന്ന് വലിയൊരു കൊഴിഞ്ഞുപോക്കുണ്ടായേക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എത്ര നേതാക്കള്‍ക്ക് ബിജെപി കൊടി പിടിക്കാന്‍ പറ്റുമെന്ന ചോദ്യവും ഉയരുന്നു.

വലിയ സാഹസമാണ് ജോസ് കെ. മാണിയുടേത്. സി.പി.ഐയുടെ എതിര്‍പ്പുണ്ടെങ്കിലും സി.പി.എം. മുന്നണിയിലേക്ക് ക്ഷണിച്ചുകൂടായ്കയില്ല. കാലങ്ങളായി ജയിക്കാന്‍ കഴിയാത്ത കാഞ്ഞിരപ്പള്ളി(പഴയ വാഴൂര്‍), ചങ്ങനാശ്ശേരി, ഇടുക്കി, കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ അടക്കം മധ്യതിരുവതാംകൂറിലെ പല സീറ്റിലും ജോസ് കെ. മാണിയുടെ വരവ് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ സി.പി.എമ്മിനുണ്ട്.

വലിയ വെല്ലുവിളിയാണ് ജോസ് കെ. മാണി അഭിമുഖീകരിക്കുന്നത്. കെ.എം. മാണി എന്ന അതികായന്റെ തണല്‍ ഇപ്പോള്‍ ഇല്ല. ഒറ്റയ്ക്കാണ് പയറ്റ്. കൂട്ടിന് തോമസ് ചാഴികാടനും എന്‍. ജയരാജനും റോഷി അഗസ്റ്റിനും ഒഴിച്ചാല്‍ തലയെടുപ്പുള്ള അധികം നേതാക്കളില്ല. വലിയ റിസ്‌കാണ് എടുക്കുന്നത്. കല്ലും മുള്ളും ഏറെയുണ്ട് താണ്ടാന്‍.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *