കോതമംഗലം >>>കോവിഡ് കാലത്ത്, പരിസ്ഥിതി സ്നേഹത്തിന്റെ വേറിട്ട മാതൃക തീർക്കുകയാണ് കോതമംഗലം തട്ടേക്കാട് സ്വദേശി സുധിഷ്. കഴിഞ്ഞ 24 വർഷക്കാലമായി തട്ടേക്കാട് സലീം അലി പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് ഗൈഡായും, ഫോട്ടോ ഗ്രാഫർ ആയും ജോലി നോക്കിയിരുന്ന സുധിഷിനു സഞ്ചാരികളുടെ വരവ് നിലച്ചതോടെ തൊഴിൽ നഷ്ടപ്പെടുകയായിരുന്നു.പിന്നീട് അതിജീവനത്തിന്റെ പാതയിൽ ആയിരുന്നു ഈ യുവാവ് . പെരിയാറിൽ നിന്ന് മീൻ പിടിച്ചു വിറ്റും മറ്റും ഉപജീവനം കഴിക്കുകയായിരുന്നു. സഞ്ചാരികൾക്ക് വിലക്ക് നിക്കി തുടങ്ങി എങ്കിലും തദ്ദേശീയരായ സഞ്ചാരികൾ മാത്രമാണ് തട്ടേക്കാട് എത്തുന്നത്.ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വഴിയില്ലാത്ത സാഹചര്യത്തിൽ പക്ഷി സങ്കേതത്തിന് മുന്നിൽ പഴങ്ങളുടെ കച്ചവടം ആരംഭിക്കുകയാണ് സുധീഷ്. പഴങ്ങൾ തൂക്കി നൽകുന്ന പ്ലാസ്റ്റിക് കവറുകൾ റോഡിലും, വനപ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ താൻ നൽകുന്ന കവറുകൾ തിരിച്ച് എടുക്കുവാൻ തീരൂമാനിക്കുകയായിരുന്നു ഈ പക്ഷി നീരിക്ഷകൻ. കവറുകൾ തിരിച്ചേൽപ്പിക്കാൻ മടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി, ഇവിടുന്നു വാങ്ങിയ പ്ലാസ്റ്റിക് കിറ്റ് ഉപയോഗ ശേഷം തിരികെ തന്നാൽ ഒരോ കവറിനും രണ്ട് രൂപ വീതം നൽകുമെന്ന് ബോർഡ് സ്ഥാപിക്കുകയും ചെയ്തതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സുധിഷ് പറഞ്ഞു. കാട്ടിലും, തെരുവോരങ്ങളിലും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ച് മൃഗങ്ങൾ ചത്തൊടുങ്ങുന്നതിൻ്റെ കാഴ്ച്ചകളാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്താൻ പ്രചോദനമായതെന്ന് ഈ പരിസ്ഥിതി സ്നേഹി കൂട്ടിച്ചേർത്തു.