പന്തപ്ര ആദിവാസി കോളനിയിലെ മരങ്ങൾ മുറിച്ചു മാറ്റുവാനുള്ള നടപടികൾ പുരോഗമിക്കുന്നു : പട്ടിക ജാതി/വർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>>കോതമംഗലം മണ്ഡലത്തിലെ പന്തപ്ര ആദിവാസി കോളനിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന്  വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ  നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പന്തപ്ര ആദിവാസി കോളനിയിൽ പുനരധിവാസത്തിന്റെ ഭാഗമായി ഓരോ കുടുംബത്തിനും രണ്ടേക്കർ സ്ഥലത്തിന് കൈവശരേഖ നൽകിയിട്ടുണ്ടെങ്കിലും ഭവന നിർമാണത്തിന് ആവശ്യമായ 15 സെൻ്റ് സ്ഥലത്തെ മരങ്ങൾ മാത്രമേ മുറിച്ചു മാറ്റുവാൻ കഴിഞ്ഞിട്ടുള്ളൂ എന്ന കാര്യം എം എൽ എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.ആദിവാസി കോളനിയിൽ അധിവസിക്കുന്നവരുടെ പ്രധാന ജീവിതമാർഗം കൃഷി ആണെന്നിരിക്കെ അവർക്ക് കൃഷി ചെയ്ത് ഉപജീവനം നടത്തുന്നതിനായി അവിടെയുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നും,അതോടൊപ്പം ഇവിടെ വീടുകൾക്ക് ഭീഷണി ആയി നിൽക്കുന്ന പാഴ്മരങ്ങൾ കൂടി മുറിച്ച് മാറ്റേണ്ട സാഹചര്യവും എം എൽ എ സഭയുടെ  ശ്രദ്ധയിൽപെടുത്തി.കോളനിയിൽ വീട് നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോളനി നിവാസികൾക്ക് കൃഷി ചെയ്യുന്നതിനായി അടിയന്തിരമായി മരങ്ങൾ മുറിച്ച് മാറ്റുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

പന്തപ്ര പുനരധിവാസ കോളനിയിൽ 67 കുടുംബങ്ങൾക്ക് രണ്ട് ഏക്കർ വീതം ഭൂമി അനുവദിച്ച നൽകിയിരുന്നു.നിർമാണത്തിനാവശ്യമായ 15 സെൻ്റ് സ്ഥലത്തെയും പൊതുവായ റോഡിലും നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്.ഭവന നിർമാണത്തിനാവശ്യമായ15 സെൻ്റ് വീതം കഴിച്ച് ബാക്കിവരുന്ന ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനായുള്ള അനുമതി വനം – വന്യജീവി വകുപ്പിൽ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.പന്തപ്ര കോളനിയിലെ വീടിന് ഭീഷണി സൃഷ്ടിക്കുന്ന 919 എണ്ണം പാഴ് മരങ്ങളുടെ പട്ടിക തയ്യാറാക്കി അവ ലേലം ചെയ്ത് വിൽക്കുന്നതിനുള്ള പ്രൊപ്പോസൽ അനുമതിക്കായി സമർപ്പിച്ചിട്ടുള്ളതായി ബന്ധപ്പെട്ട ഡി എഫ് ഒ അറിയിച്ചിട്ടുണ്ടെന്നും,വനാവകാശ രേഖ നൽകിയിട്ടുള്ള ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനായുള്ള അനുമതി വനം – വന്യജീവി വകുപ്പിൽ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ ആന്റണി ജോൺ എം എൽ എയെ നിയമസഭയിൽ അറിയിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →