നേര്യമംഗലത്ത് വനപാലകരെ ആക്രമിച്ചു എന്ന് കേസ്

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ കാഞ്ഞിരവേലി പ്ലാന്റേഷനിൽ നിന്ന്‌ തേക്ക് കഴകൾ മുറിച്ചുകടത്തിയ കേസിലെ പ്രതിയെ പിടികൂടാനാനെത്തിയ വനപാലകരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
നേര്യമംഗലം ഇടക്കുടി സുരേന്ദ്രൻ (59), മകൻ നിർമൽ (20) എന്നിവരെ ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. വനപാലകരെ ആക്രമിച്ച കേസിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനും കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10-നാണ് സംഭവം.
പ്രതിയെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയപ്പോൾ വനപാലകരായ നീനു പ്രതാപ്, എസ്.എസ്. അഭിജിത്ത് എന്നിവർക്കാണ് മർദനമേറ്റത്.

സുരേന്ദ്രൻ നിർമിക്കുന്ന വീടിനുവേണ്ടിയാണ് തേക്കുതടി കടത്തിയതെന്ന് കാട്ടിയാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്.
തേക്കിൽ നിർമിച്ച ജനൽ, വാതിൽ, ഒമ്പത്‌ കട്ട്‌ല ഉരുപ്പടികൾ എന്നിവ നിർമാണത്തിലുള്ള വീടിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തു. തടി കയറ്റിക്കൊണ്ടുപോയ മിനി ലോറിയും പിടിച്ചെടുത്തു. വനംവകുപ്പിന്റെ കേസിൽ ഇതിനുമുമ്പും സുരേന്ദ്രൻ പ്രതിയായിട്ടുണ്ടെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.
അതേസമയം വനംവകുപ്പിന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകും.
സുരേന്ദ്രനെ അന്വേഷിച്ചെത്തിയ വനപാലക സംഘം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആരോപണം. വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിടുകയും വീട്ടുപകരണങ്ങളിൽ ചിലതെല്ലാം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സുരേന്ദ്രന്റെ മകനെ ക്രൂരമായി മർദിച്ചുവെന്നും പരാതിയുണ്ട്. അർധരാത്രിയോടെയാണ് നാല് വാഹനങ്ങളിലായി കൂടുതൽ വനപാലകർ ഇവിടെയെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
കള്ളത്തടി കടത്തിയെന്ന പേരിൽ പിടികൂടിയ മിനി ലോറി അർധരാത്രിക്ക് ശേഷം രണ്ടോടെയാണ് ക്രെയിൻ ഉപയോഗിച്ച് വനംവകുപ്പ് ഓഫീസിലെത്തിച്ചത്. മറ്റെന്തോ ലക്ഷ്യം വനപാലകർക്കുണ്ടായിരുന്നുവെന്ന ആക്ഷേപവും ശക്തമാണ്. വനപാലകർക്കെതിരേ സുരേന്ദ്രന്റെ ഭാര്യ ഊന്നുകൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *