Type to search

നെടുംങ്കണ്ടം കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

Kerala

ഇടുക്കി >>>നെടുങ്കണ്ടം കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ഡിവിഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജനജീവിതത്തിന് കൂടുതല്‍ വെളിച്ചം പകരാനും ഗുണമേന്‍മ വര്‍ധിപ്പിക്കാനും ഉപകരിക്കുന്ന പദ്ധതികളാണ് കെഎസ്ഇബി നടപ്പാക്കുന്നതെന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ  വിവിധ ജില്ലകളിലെ പത്തോളം പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.  പുതിയ പദ്ധതികള്‍ പ്രവര്‍ത്തനം  ആരംഭിക്കുന്നതോടെ വൈദ്യുതി മേഖലയിലെ കാര്യക്ഷമത വലിയ തോതില്‍ ഉയരും. വൈദ്യുതി മേഖലയില്‍ ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടാക്കിയ കാലഘട്ടമാണിത്.  ഈ സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് വര്‍ഷത്തിനുള്ളില്‍  സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാക്കി. 2017 ല്‍ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായും കേരളം പ്രഖ്യാപിക്കപ്പെട്ടു. ലോഡ്ഷഡ്ഡിംഗും പവര്‍ കട്ടും ഒഴിവാക്കി വൈദ്യുതി വിതരണം ചെയ്യുവാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടൈന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. 70 ശതമാനത്തോളം വൈദ്യുതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിക്കുകയാണ്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങി എത്തിക്കുന്നതിന് അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകളുടെ കാര്യത്തില്‍ വലിയ പോരായ്മ നിലനിന്നുരുന്നു.  ഇത് പരിഹരിക്കാന്‍ അതീവ പ്രാധന്യത്തോടെയുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിനകത്തെ പ്രസരണ ശൃംഖല ശക്തിപ്പെടുത്താനും വലിയ പ്രാധാന്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പതിനായിരം കോടി മുതല്‍മുടക്കുള്ള ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ട്രാന്‍സ് ഗ്രിഡ് പദ്ധതിയിലൂടെ  കേരളത്തിന്റെ ആഭ്യന്തര പ്രസരണ ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി എംഎം മണി വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദ്ധ്യക്ഷത വഹിച്ചു. വൈദ്യുത രംഗത്ത് വലിയ മുന്നേറ്റത്തിന്റെ കാലഘട്ടമാണ്. സമ്പൂര്‍ണ വൈദ്യുതീകരണത്തിനൊപ്പം പവര്‍കട്ടും ലോഡ് ഷഡ്ഡിംഗും  ഒഴിവാക്കി വൈദ്യുതി വിതരണം സുഗമമാക്കാനും സര്‍ക്കാരിന് കഴിഞ്ഞു. ഊര്‍ജരംഗത്തെ പുതിയ മുന്നേറ്റത്തിന്റെ ഭാഗമായി സൗരോര്‍ജ രംഗത്തും കെഎസ്ഇബി ഇടപെടുന്നുണ്ടെന്നും അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. മുപ്പത്തിനാലയിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. ഈ സര്‍ക്കാരിന്റെ കാലത്ത് 4230 പേര്‍ക്ക് സ്ഥിര നിയമനം നല്‍കാനും വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്. മീറ്റര്‍ റീഡര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തുടങ്ങിയ തസ്തികകളില്‍ നിയമനങ്ങള്‍ നടത്താനുള്ള നടപടികളും വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള സന്നിഹിതനായിരുന്നു.
നെടുങ്കണ്ടം ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ യാഥാര്‍ത്ഥ്യമായതോടെ ഇടുക്കി ജില്ലയിലെ പ്രസരണ ശൃഖലയിലെ വികസന പദ്ധതികളുടെ ഏകോപനം സാധ്യമാകും. വൈദ്യുത ശൃഖല വികസിപ്പിക്കാനും നവീകരിക്കാനുമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സഹായിക്കും. ഇടുക്കി ജില്ലയുടെ ഭൂരിഭാഗവും എറണാകുളും ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെടുന്ന തൊടുപുഴ ഡിവിഷന്‍ വിഭജിച്ചാണ് നെടുങ്കണ്ടം കേന്ദ്രമാക്കി പുതിയ ഡിവിഷന്‍ ആരംഭിച്ചിരിക്കുന്നത്. വനമേഖലകളിലും ഒറ്റപെട്ട പ്രദേശങ്ങളിലും വൈദ്യുതി തടസമുണ്ടായാല്‍ അറ്റകുറ്റപണികള്‍ ഏകോപിപ്പിക്കുന്നതിനും  തടസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഹൈറേഞ്ചിലെ വൈദ്യുത വിതരണം കൂടുതല്‍ കാര്യക്ഷമാക്കാനും പുതിയ ഡിവിഷന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. പദ്ധതിയിലൂടെ രണ്ടര ലക്ഷം ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കും.  
നെടുങ്കണ്ടം കെഎസ്ഇബി സബ് ഡിവിഷന്‍ ഓഫീസ് അങ്കണത്തില്‍  ചേര്‍ന്ന പ്രാദേശിക യോഗത്തില്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുധാകരന്‍ ശിലാഫലകം അനാച്ഛാദനം ചെയതു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാന സുന്ദരം, പാമ്പാടുംപാറ ഗ്രാമപഞ്ചായത്തംഗം ആരിഫാ അയൂബ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇ.കെ രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.