നിധി കമ്പിനിക ളില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലി ക്കുന്നു

web-desk -

തിരുവനന്തപുരം>>നിധി കമ്പിനികളില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നു. കഴിഞ്ഞദിവസം ഇന്ത്യയൊട്ടാകെ 404 നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. ഇതില്‍ 205 നിധി കമ്പിനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഈ അറിയിപ്പ് പൊതുജനങ്ങളില്‍ നിന്നും മൂടിവെച്ചപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

അംഗീകാരം നഷ്ടപ്പെട്ട കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളുടെ പേരും കമ്പിനി ഐഡന്റിഫിക്കേഷന്‍ നമ്പരും ഉള്‍പ്പെടെ വ്യക്തമായ തെളിവുകളോടെയാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ തങ്ങളുടെ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നുണ്ടെങ്കിലും ഈ വിവരങ്ങള്‍ അതീവ രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. പണം തിരികെ നല്‍കുന്ന കാര്യം മറ്റാരോടും പറയരുതെന്ന കര്‍ശന നിബന്ധനയോടെയാണ് നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നത്.

എന്നാല്‍ തങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും തങ്ങളുടെ പ്രവര്‍ത്തനത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും ചില നിധി കമ്പിനി ഉടമകള്‍ പറയുന്നു. ഹൈക്കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് സ്റ്റേ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും ചിലര്‍ അവകാശപ്പെട്ടു. 2014 ല്‍ കോന്നി പോപ്പുലര്‍ ഫിനാന്‍സിനെതിരെ റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചപ്പോഴും ഇതായിരുന്നു അവസ്ഥ. അന്ന് പോപ്പുലര്‍ ഫിനാന്‍സ് കമ്പിനി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. ആ സ്റ്റേ ഓര്‍ഡറിന്റെ സംരക്ഷണയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ്‌ ആയിരക്കണക്കിന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് പില്‍ക്കാലത്ത്‌ നടത്തിയത്. ഈ തട്ടിപ്പും ജനങ്ങളിലേക്ക് എത്തിച്ചത് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങളായിരുന്നു.