നാളെ ലോക വിനോദ സഞ്ചാരദിനം -ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ച് പൂട്ടിയിട്ട് ഏഴ് മാസം

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂര്‍:ലോക വിനോദ സഞ്ചാരദിനത്തില്‍ ആളൊഴിഞ്ഞ് അടച്ച് പൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കഴിഞ്ഞ ഏഴ് മാസമായി എന്ന് തുറക്കാനാകും എന്ന് നിശ്ചയമില്ലാത്ത നിലയിലാണ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കോടനാട് അഭയാരണ്യം, നെടുമ്പാറ ചിറ, പാണംകുഴി മഹാഗണി തോട്ടം, പാണിയേലി പോര് എന്നിവ  മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. വനം വകുപ്പിനു കീഴില്‍ ഫോറസ്റ്റ് ഡെവലപ്‌മെന്റ് അതോരിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ വര്‍ഷംതോറും ലക്ഷക്കണക്കാനാണ് വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത്. തദ്ദേശീയരായ വന സംരക്ഷണ സമിതി അംഗങ്ങളാണ് ഈ മേഖലയില്‍ ജോലി ചെയ്തിരുന്നത്. ഇവരും വരുമാനം നിന്നതോടെ പ്രതിസന്ധിയിലായി. സര്‍ക്കാര്‍ ടൂറിസം മേഖലയ്ക്ക് പ്രഖ്യാപിച്ച സഹായം ഇവര്‍ക്ക് ലഭ്യമായില്ല.

വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് സഹായ ധനം പ്രത്യേകമായി നല്‍കണമെന്ന് വനം വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി. പ്രകാശ്, അംഗം സരള കൃഷ്ണന്‍ കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ടൂറിസം മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയമാണിത്. 2018 ലെ മഹാ പ്രളയം ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചെങ്കില്‍ കൊറോണ വൈറസ് വ്യാപനം തകര്‍ച്ചക്ക് ആക്കം കൂട്ടി. ടൂറിസം സീസണായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ കൊറോണ വൈറസ് ഭീതിയിലാഴ്ന്ന് സഞ്ചാരികള്‍ എത്താതായപ്പോള്‍ ഏപ്രിലില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ മേഖലയ്ക് പൂട്ടു വീണു.

ഇനി ഈ മേഖല പഴയ പടിയാവാന്‍ നാളുകളെടുക്കും.സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്തെ പാണംകുഴി ഹരിത ബയോ പാര്‍ക്ക് പോലെയുള്ള സ്വകാര്യ സംരഭകരും വലിയ പ്രതിസന്ധി നേരിടുകയാണ്. നിരവധി ജീവജാലങ്ങളുടെ സംരക്ഷണം വലിയ സാമ്പത്തിക ബാധ്യതയാണ് ഇത്തരക്കാര്‍ക്ക് വരുത്തി വയ്ക്കുന്നത്. മഴക്കാര്‍ നീങ്ങി മാനം തെളിയുമെന്ന പ്രതീക്ഷ പോലെ ഈ കാലഘട്ടവും മാറി സഞ്ചാരികളുടെ വരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *