കോതമംഗലം >>>വിവാഹ ശേഷം വധൂ വരൻമാർ കോതമംഗലം പീസ് വാലി സന്ദർശിച്ച് അനാഥ അഗതികളുടെ ആശിർവാദങ്ങൾ ഏറ്റുവാങ്ങുന്നത് ട്രെൻഡ് ആവുന്നു.
മുൻപും ഇത്തരത്തിൽ ആളുകൾ എത്താറുണ്ടെങ്കിലും കോവിഡ് കാലത്ത് വിവാഹിതരായവരാണ് ഇപ്പോൾ എത്തുന്നത്.
വിവാഹ സൽക്കാരങ്ങളും അനുബന്ധ യാത്രകളും ഒഴിവാക്കി പീസ് വാലി സന്ദർശിക്കുന്ന വധൂ വരന്മാർ അനാഥ അഗതികളോടൊപ്പം ഏറെ സമയം ചിലവഴിച്ചാണ് പോകാറുള്ളത്.കോതമംഗലം നെല്ലികുഴിയിൽ വിശാലമായ പത്ത് ഏക്കർ സ്ഥലത്താണ് പീസ് വാലി സ്ഥിതി ചെയ്യുന്നത്.
പ്രകൃതി രമണീയമായ അന്തരീക്ഷം ആരിലും നവോന്മേഷം നിറക്കും.
കോവിഡ് കാലത്ത് വിവാഹിതരായ ആലുവ കുഞ്ഞുണ്ണിക്കര സ്വദേശികളായ അഞ്ച് നവദമ്പതികളാണ് ഇക്കൂട്ടത്തിൽ അവസാനം എത്തിയത്.ജീവിതത്തിന്റെ എറ്റവും തീക്ഷണമായ യഥാർഥ്യങ്ങളാണ് പീസ് വാലിയിൽ കണ്ടതെന്നും മുന്നോട്ടുള്ള ജീവിതത്തിന് ഏറെ വഴികാട്ടിയാവുന്നതാണ് പീസ് വാലി സന്ദർശനം എന്നും ആലുവ സ്വദേശി അനീസ് പറഞ്ഞു.
ദൈവം നൽകിയ സൗഭാഗ്യങ്ങൾ ബോധ്യമാവണമെങ്കിൽ പീസ് വാലി സന്ദർശിക്കണമെന്ന് സംഘത്തിൽ ഉണ്ടായിരുന്ന റിസ്വാന പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള തെറാപ്പി കേന്ദ്രം, പാലിയേറ്റീവ് കെയർ, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പീസ് വാലിയുടെ പ്രവർത്തനങ്ങൾ.