നഗരത്തിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ >>>പെരുമ്പാവൂർ നഗരത്തിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇരിങ്ങോൾ കാവിന് സമീപം 300 മീറ്റർ ദൂരത്തിൽ സ്ഥാപിച്ച കേബിളുകളുടെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. നഗരസഭ അധ്യക്ഷൻ ടി.എം സക്കീർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്ബ്, അനിത പ്രകാശ്, ശാന്ത പ്രഭാകരൻ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരായ മനോജ് കെ, സുരേഷ്, ബിജു കെ.ജി എന്നിവർ സംസാരിച്ചു.നഗരത്തിലെ വൈദ്യുത തടസ്സം മറികടക്കുന്നതിന് ഭൂമിക്കടിയിലൂടെ വൈദ്യുത കേബി.ളുകൾ സ്ഥാപിക്കുന്ന പദ്ധതി ടെൻഡർ നടപടികളിലെത്തിയ തായി എം.എൽ.എ പറഞ്ഞു. എത്രയും വേഗത്തിൽ ഈ പദ്ധതിയും ആരംഭിക്കും. ദ്യുതി പദ്ധതിയിൽ അനുവദിച്ച 20  കോടി രൂപയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് വേണ്ടി വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ദ്യുതി പദ്ധതിയിൽ പ്രവൃത്തികൾ അനുവദിക്കുന്നത്. ഏഴ് കിലോമീറ്റർ ദൈർഘ്യത്തിലാണ് പെരുമ്പാവൂർ മണ്ഡലത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
മുടിക്കൽ സബ് സ്റ്റേഷനിൽ നിന്ന് രണ്ട് ഫീഡറുകളിലായിട്ടാണ് കേബിളുകൾ സ്ഥാപിക്കുന്നത്. ആലുവ മൂന്നാർ റോഡിൽ പാലക്കാട്ടുതാഴം മുതൽ യൂണിയൻ ബാങ്ക് ജംഗ്ഷൻ വരെയാണ് ഒന്നാമത്തെ കേബിൾ സ്ഥാപിക്കുന്നത്. സീമാസ് മുതൽ കുഴിപ്പിള്ളിക്കാവ്‌ വഴി എം.സി റോഡിലൂടെ കിച്ചൻ മാർട്ട് പരിസരം വഴി ഔഷധി ജംഗ്ഷനിലൂടെ അയ്യപ്പ ക്ഷേത്രം വഴി മിനി സിവിൽ സ്റ്റേഷന് മുന്നിലൂടെ യൂണിയൻ ബാങ്ക് ജംഗ്ഷനിൽ അവസാനിക്കുന്ന രീതിയിലാണ് രണ്ടാമത്തെ കേബിൾ സ്ഥാപിക്കുന്നത്.
അഞ്ച് കോടി രൂപയോളമാണ് ഏഴ് കിലോമീറ്റർ ദൂരത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. റോഡിന് വശത്ത് കൂടി കേബിളുകൾ സ്ഥാപയ്ക്കുന്നതിന് എച്ച്.ഡി.ഡി മാതൃകയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. 


സി.എൻ.ജി.സി പദ്ധതിയും പെരുമ്പാവൂരിൽ നടപ്പിലാക്കുന്നത് സംബന്ധിച്ചു ചർച്ച നടത്തിയതായി എം.എൽ.എ

പരിസ്ഥിതി സൗഹാർദ്ദമായ സി.എൻ.ജി.സി പദ്ധതിയും പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് ആദ്യ വട്ട ചർച്ച നടത്തിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭത്തിന്റെ കേരള വിഭാഗം തലവൻ അജയ് പിള്ളയുമായാണ് എം.എൽ.എ സംസാരിച്ചത്. തുടർന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജീവ് ശിഖക്ക് പദ്ധതി സംബന്ധിച്ചു വിശദമായ റിപ്പോർട്ട് തയ്യാറാക്കി എം.എൽ.എ സമർപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വ്യാവസായിക രംഗത്തും ഗാർഹിക ഉപയോഗത്തിനും പദ്ധതി പ്രയോജനകരമാണ്. ആലുവയിൽ നിന്നാണ് പെരുമ്പാവൂർ മണ്ഡലത്തിലേക്ക് ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്. വീടുകളിലേക്ക് സ്ഥാപിക്കുന്ന പൈപ്പുലൈനുകളിൽ നിന്നും ഉപയോഗിക്കുന്ന വാതകത്തിന് മാത്രം പണം നൽകിയാൽ മതിയാകും. സമ്മർദ്ദം കുറഞ്ഞ ഇത്തരം പൈപ്പുകൾ സ്ഥാപിക്കുന്നത് മൂലം അപകട സാധ്യതയും കുറവാണ്. അമിത സമ്മർദ്ദമുള്ള സിലിണ്ടറുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇത് വഴി പരിഹാരം ഉണ്ടാകും. വായുവിനേക്കാൾ കുറഞ്ഞ ഭാരമാണ് വാതകത്തിന് എന്നതിനാൽ അപകടം തീരെ ഉണ്ടാകില്ല എന്നാണ് വിലയിരുത്തുന്നത്. ഈ വർഷം തന്നെ പദ്ധതിക്ക് അനുകൂലമായ നടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
വ്യാവസായിക, ഗതാഗത രംഗത്ത് പദ്ധതി ഏറെ പ്രയോജനം ചെയ്യും. പദ്ധതി യാഥാർഥ്യമായാൽ വ്യാവസായിക രംഗത്തെ വിവിധ കമ്പനികളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയും. ബസ്സുകൾ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യത്തിനും പദ്ധതി ഗുണകരമാണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →