പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ കുറിച്ചിലക്കോട് തോട്ടുവ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 4 അടി മാത്രം വീതിയുളള മൂഴി പാലം റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി പുനർ നിർമ്മിച്ച് വാഹന ഗതാഗത സൗകര്യം കൂടി ഉണ്ടാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ് ആവശ്യപ്പെട്ടു. 50 വർഷത്തിലധികം പഴക്കമുള്ള ഇടുങ്ങിയ പാലത്തിലൂടെയാണ് നിരവധി വിദ്യാർത്ഥികളും , ടൂവീലർ യാത്രക്കാരും , തീർത്ഥാടകരും കാലങ്ങളായി യാത്ര ചെയ്യുന്നത്. ഇത് പുനർ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാലം പുനർ നിർമ്മാണം യാഥാർത്ഥ്യമായാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഗതാഗത തിരക്ക് ഒഴിവാക്കി ചേരാനല്ലൂർ ,മൂഴി പാലം, കുറിച്ചിലക്കോട് വഴി കോടനാട്, പാണിയേലി പോര് എന്നിവിടങ്ങളിലെത്താം 6 കി.മി ലാഭിക്കുകയും ചെയ്യാം. കാലടിയിൽ നിന്നും വരുന്ന വാഹനങ്ങൾക്കും ഈ വഴി പ്രയോജനപ്പെടുത്താം. പ്രസിദ്ധമായ തോട്ടുവ ധന്വന്തരീ ക്ഷേത്രം , തോട്ടുവ മംഗല ഭാരതി ,ശ്രീ.ശ്രീ.രവി ശങ്കറിന്റെ ആശ്രമം എന്നി ആത്മീയ കേന്ദ്രങ്ങളും ഈ വഴിയോരത്താണ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകളാണ് വർഷംതോറും ഇവിടം സന്ദർശിക്കുന്നത്. ഈ സന്ദർശകരും , വിദ്യാർത്ഥികളും , ജോലിക്കാരും നാട്ടുകാരും ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയെ കാണുന്നത്. 2012-13 ബഡ്ജറ്റിൽ 3.25 കോടി രൂപ അന്നത്തെ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന ബാബു ജോസഫിന്റെ ശ്രമഫലമായി ബഡ്ജറ്റിൽ ഉൾപ്പെടുത്തുകയും റോഡ്സ് ആന്റ് ബ്രിഡ്ജസ് വിഭാഗം സ്ഥലത്തെത്തി പ്രാഥമിക സർവ്വേ നടത്തുകയും ചെയ്തിരുന്നു. അപ്രോച്ച് റോഡിനുള്ള സ്ഥലം സൗജന്യമായി ലഭ്യമാക്കാൻ കഴിയാതെ വന്നപ്പോൾ പദ്ധതി പ്രാവർത്തികമാക്കാനായില്ല. ഈ പാലവും ഇരു വശത്തെ റോഡുകളും റീബിൽഡ് കേരള പദ്ധതിയിൽ പ്പെടുത്തി പുനർ നിർമ്മിക്കണമെന്ന നിവേദനം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നൽകിയതായി ചെയർമാൻ അറിയിച്ചു.