തോട്ടുവാ ധന്വന്തരിഗ്രാമത്തിൽ ഇനി ഉത്സവകാലം

-

പെരുമ്പാവൂർ >>കേരളത്തിലെ പ്രസിദ്ധമായ ധന്വന്തരി ക്ഷേത്രം നിലകൊള്ളുന്ന കൂവപ്പടി പഞ്ചായത്തിലെ തോട്ടുവാ ധന്വന്തരി ഗ്രാമത്തിൽ ഇനി ഉത്സവകാലം. ക്ഷേത്രത്തിൽ വെള്ളിയാഴ്ച വൈകിട്ട് 7ന് തന്ത്രി ചേലാമറ്റം തോട്ടാമറ്റത്ത് ഇല്ലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. പാലാഴിമഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവിനെയാണ് ഭക്തർ ധന്വന്തരിയായി ആരാധിയ്ക്കുന്നത്. ആയുർവ്വേദത്തിന്റെ ആചാര്യസ്ഥാനമുള്ള ധന്വന്തരിമൂർത്തിയെ രോഗാതുരരും ആതുരശുശ്രൂഷകരും ഒരുപോലെ വിശ്വസിച്ചാരാധിയ്ക്കുന്നു. ചതുർബാഹുവായ ഭഗവത്പ്രതിഷ്ഠയുടെ കൈകളിൽ ശംഖ് , ചക്രം, അട്ട, അമൃതകുംഭം എന്നിവയാണ്
ഇവിടെ കാണാനാകുന്നത്. കിഴക്കു നിന്ന് പടിഞ്ഞാറോട്ടൊഴുകിയെത്തുന്ന പൂർണ്ണാനദിയുടെ കൈവഴിയായ തോട്ടുവാ തോടിനുമുണ്ടൊരു പ്രത്യേകത. ഇവിടെ ജലപാതം കിഴക്കോട്ടാണൊഴുകുന്നത്. ക്ഷേത്രത്തിലെ ഈ സ്നാനഘട്ടത്തിൽ കുളിച്ചു തൊഴാൻ മറുനാട്ടിൽനിന്നുപോലും ഭക്തരെത്തുന്നുണ്ട്. ഔഷധസമാനമാണ് ഈ തോട്ടിലൂടെയൊഴുകുന്ന ജലം എന്ന വിശ്വാസത്തോടെയെത്തുന്നവരിൽ രോഗികൾ മാത്രമല്ല, ഭിഷഗ്വരപ്രതിഭകൾ വരെയുണ്ട്.

വൃശ്ചികം ഒന്നു മുതൽ ഭക്തരുടെ തിരക്കാരംഭിയ്‌ക്കും. ഇത്തവണ ഉത്സവം ഡിസംബർ 3 മുതൽ 8 വരെയാണ്. ഡിസംബർ 7ന് രാവിലെ 8 മുതൽ വാദ്യകുലപതി കിടങ്ങൂർ ധനഞ്ജയൻ ഭട്ടതിരിപ്പാട് നയിക്കുന്ന പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് വലിയവിളക്കിന്റെ ചടങ്ങുകൾ നടക്കുക. ഗുരുവായൂർ ഏകാദശിയോളം വിശേഷമായിക്കണ്ട് ഭക്തരെത്തുന്ന ഒരു ചടങ്ങാണ് തോട്ടുവാ ഏകാദശി ദർശനം. 

14ന് നടക്കുന്ന ഏകാദശിയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ധന്വന്തരിവിഗ്രഹത്തിലെ ദശാവതാരം ചന്ദനം ചാർത്തൽ ചടങ്ങ്. മൂലബിംബത്തിൽ 10 അവതാരങ്ങളും പത്തുദിവസങ്ങളിലായി കലാചാതുരിയോടെ ചന്ദനം ചാർത്തി മനോഹരമാക്കുന്നു. പത്തു ദിവസങ്ങളിലും മുടങ്ങാതെ കൃത്യമായി വന്ന് അവതാരം ദർശിയ്ക്കുന്നവർ ധാരാളം. പതിനൊന്നാം നാളിൽ പൂർണ്ണാവതാരത്തോടുകൂടിയാണ് സമാപനം. ജില്ലയ്ക്ക് പുറത്ത് നിന്നുപോലും ഭക്തർ ധാരാളമെത്തുന്നതിനാൽ മുൻവർഷങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതുകൂടാതെ ധനുമാസത്തിലെ ദ്വാദശിയൂട്ടിലും തിരുവോണമൂട്ടിലും പങ്കെടുക്കാൻ ഭക്തരെത്താറുണ്ട്. കർക്കടകത്തിലെ തിരുവോണനാളിൽ ക്ഷേത്രശ്രീകോവിലകത്ത് പ്രത്യേകം ആയൂർവ്വേദ ഔഷധക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കി പൂജിച്ചു നൽകുന്ന മുക്കുടി എന്ന ഔഷധപാനീയം സർവ്വരോഗസംഹാരിയാണെന്നാണ് വിശ്വാസം. 2019 മുതൽ ക്ഷേത്രത്തിൽ ഏകാദശിസംഗീതോത്സവത്തിന് തുടക്കം കുറിച്ചിരുന്നു. ഡിസംബർ 8ന് നടക്കുന്ന ആറാട്ടെഴു
ന്നള്ളിപ്പിന് മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പാണ്ടിമേളവും ഏകാദശിയോടനുബന്ധിച്ച് പഞ്ചാരിമേളവും ഉണ്ട്. ഉച്ചയ്ക്ക് ഏകാദശി ഊട്ട്, വൈകിട്ട് മേജർസെറ്റ് പഞ്ചവാദ്യം എന്നിവയാണ് മറ്റു പരിപാടികൾ. 16 മുതൽ 24 വരെ നടക്കുന്ന കലാപരിപാടികൾ കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കുമെന്ന് ധന്വന്തരിമൂർത്തി സേവാ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →