Type to search

തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

Uncategorized

തൊടുപുഴ : തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസിന് വേണ്ടി കിഫ്ബിയുടെ ധനസഹായത്താല്‍ നിര്‍മിച്ച പുതിയ മന്ദിരം സംസ്ഥാന രജിസ്‌ട്രേഷന്‍ – പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫ്രന്‍സിങിലൂടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ കാലം പുതിയ സേവനം എന്ന മുദ്രാവാക്യവുമായി ആധുനികവല്‍ക്കരണത്തിന്റെ പുതിയ പാതിലാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇതോടൊപ്പം ഒന്നര നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേഷന്‍ വകുപ്പും മാറ്റത്തിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വെള്ളിയാഴ്ച്ച തൊടുപുഴ, നാവായിക്കുളം, ഒറ്റപ്പാലം എന്നിവിടങ്ങളിലായി മൂന്ന് സബ് രജിസ്ട്രാര്‍ ഓഫീസുകളാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. നാല് കോടി രൂപ മുടക്കിയാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തൊട്ടാകെ 72 സബ് രജിസ്ടാര്‍ ഓഫീസുകള്‍ക്കാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ഇതിനായി 150 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. സേവനങ്ങള്‍ ഓണ്‍ലൈനാക്കിയതോടെ അഴിമതി രഹിതമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നടക്കുന്നത്. ഇതിലൂടെ വരുമാന വര്‍ദ്ധനവുമുണ്ടായിട്ടുണ്ട്. ഇ-സ്റ്റാമ്പിങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ആധാരം എഴുത്തുകാരും വെണ്ടര്‍മാരും ഉള്‍ക്കൊണ്ടുവെന്നതാണ് യാതാര്‍ഥ്യം. ഏതൊരു പൗരനും സ്വന്തമായി ആധാരം എഴുതാമെന്ന നിയമം നിലവിലുണ്ട്. ഇതൊന്നും മേഖലയിലെ ആധാരം എഴുത്തുകാരുള്‍പ്പെടെയുള്ളവരുടെ തൊഴില്‍ സാധ്യതകളെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തിലെ ഏതൊരു പൗരനും സംസ്ഥാനത്തെ ഏതൊരു സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരം രജിസ്റ്റര്‍ ചെയ്യാമെന്ന നിയമം കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള പഠനങ്ങള്‍ അവസാന ഘട്ടത്തിലാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് മുമ്പായി അപേക്ഷകരുടെ വിവരങ്ങള്‍ രജിസ്ട്രാര്‍ ഓഫീസിന്റെ ഭിത്തിയില്‍ പതിക്കണമെന്നത് കേന്ദ്ര നിയമമാണ്. ഇത് ഓണ്‍ലൈനാക്കിയപ്പോള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അത് വേണ്ടെന്ന് വെക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. ഇതോടൊപ്പം ക്ഷേമനിധിയില്‍ ഉള്‍പ്പെട്ട 7200 ആധാരം എഴുത്തുകാര്‍ക്ക് 2016 മുതല്‍ 2000 രപ വീതം ഉത്സവ ബത്ത നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കോവിഡ് 19 നെ തുടര്‍ന്ന് തൊഴില്‍ ലഭിക്കാതെ സാമ്പത്തികമായി തകര്‍ന്ന 6000 ത്തിലേറെ ആധാരം എഴുത്തുകാര്‍ക്ക് 3000 രൂപ വീതം കൊടുക്കുന്നതിനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് 19 – പ്രോട്ടോക്കോള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ മാനദണ്ഡ പ്രകാരം തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസ് ഹാളില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിസിലി ജോസ് അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ദീപു.എസ്. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ഗോപാല കൃഷ്ണന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മുഹമ്മദ് ഫൈസല്‍. പി.പി.ജോയി, കെ.എസ്.അജി, ടി.എസ്.ഷംസുദ്ദീന്‍, എന്‍.പി.ഗോപിനാഥന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.മധു സ്വാഗതവും ഇടുക്കി ജില്ലാ രജിസ്ടാര്‍ എം.എന്‍.കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു
കിഫ്ബിയുടെ ധനസഹായത്താല്‍ നിര്‍മിച്ച പുതിയ തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരത്തില്‍ ഒരുക്കിയിരിക്കുന്നത് ആധുനിക സൗകര്യങ്ങള്‍. തിരുവിതാംകൂര്‍ രാജഭരണ കാലത്ത് 1866 ഡിസംബര്‍ 16 -ാം തീയതിയാണ് തൊടുപുഴ സബ് രജിസ്ടാര്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ തൊടുപുഴക്ക് സമീപം വരുന്ന ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ വില്ലേജുകളാണ് ഓഫീസിന്റെ പരിധിയിലുണ്ടായിരുന്നത്. നിലവില്‍ തൊടുപുഴ, മണക്കാട്, കുമാരമംഗലം, കരിങ്കുന്നം, പുറപ്പുഴ അഞ്ച് വില്ലേജുകളാണുള്ളത്. വിവിധ ഘട്ടങ്ങളിലായി നടന്ന നവീകരണങ്ങളുടെ ഭാഗമായി കേരളത്തില്‍ ആദ്യം കംപ്യൂട്ടര്‍വല്‍ക്കരിച്ച രജിസ്‌ട്രേഷന്‍ ഓഫീസുകളില്‍ ഒന്നാണ് തൊടുപുഴയിലേത്. ഇടുക്കി ജില്ലാ രജിസ്ട്രാര്‍ ഓഫീസിന് സമീപമാണ് തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും തിരക്കുള്ള സബ് രജിസ്ട്രാര്‍ ഓഫീസുകളിലൊന്നാണ് തൊടുപുഴയിലേത്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 3104 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നും 9360 ബാദ്ധ്യത സര്‍ട്ടിഫിക്കറ്റ് 2706 ആധാര പകര്‍പ്പ് എന്നിവയ്ക്കുളള അപേക്ഷ ലഭിച്ചതില്‍നിന്നും 15,94,22,878 രൂപയാണ് ഇവിടെ നിന്നും സര്‍ക്കാരിലേക്ക് ലഭിച്ചത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 3105 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നും 9727 ബാദ്ധ്യത സര്‍ട്ടിഫിക്കറ്റ് 2461 ആധാര പകര്‍പ്പ് എന്നിവയ്ക്കുളള അപേക്ഷ ലഭിച്ചതില്‍ നിന്നും 17,67,18,227 രൂപയും സമാഹരിക്കുന്നതിനായി. 2019-2020 സാമ്പത്തികവര്‍ഷത്തില്‍ 3029 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നും 9297 ബാദ്ധ്യതസര്‍ട്ടിഫിക്കറ്റ് 2544 ആധാര പകര്‍പ്പ് എന്നിവയ്ക്കുളള അപേക്ഷ ലഭിച്ചതില്‍ നിന്നും 15,29,10,242 രൂപയും പൊതുഖജനാവിലേക്ക് ലഭിച്ചു.
ഈ ആഫീസില്‍ സബ് രജിസ്ട്രാര്‍, ഹെഡ്ക്ലാര്‍ക്ക്, 2 സീനിയര്‍ ക്ലാര്‍ക്കുമാര്‍, 2 ക്ലാര്‍ക്കുമാര്‍, 2 ഓഫീസ് അറ്റന്‍ഡന്റ്, പിടിഎസ് എന്നിവരുള്‍പ്പടെ 9 ജീവനക്കാര്‍ നിലവില്‍ ഉണ്ട്.
റിക്കാര്‍ഡുകളുടെ ബാഹുല്യം മൂലവും ആഫീസ് കെട്ടിടത്തിന്റെ ജീര്‍ണ്ണത നിമിത്തവും ആഫീസ് റിക്കാര്‍ഡുകള്‍ സംരക്ഷിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് ആധുനിക രീതിയിലുളള പുതിയ കെട്ടിടം കിഫ്ബിയുടെ ധനസഹായത്തോടെ പണിയുന്നതിന് തീരുമാനമായത്. ഇതിനായി 2017 ല്‍ 141.22 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു. 4585 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. രണ്ടാം നിലയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആധുനിക രീതിയിലുള്ള റെക്കോര്‍ഡ് റൂമില്‍ വര്‍ഷങ്ങളോളം സൂക്ഷിക്കേണ്ട റെക്കോര്‍ഡുകള്‍ സംരക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഫയലുകളുടെയും വാല്യങ്ങളുടെയും സുഗമമായ നീക്കത്തിന് ഇലക്ട്രിക് മോട്ടോര്‍ സംവിധാനത്തിലുള്ള ഡംബ് വെയിറ്റര്‍ ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ജീവനക്കാര്‍ക്കും ഓഫീസിലെത്തുന്നവര്‍ക്കുമായി ശുചിമുറികളും കെട്ടിടത്തിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.