തെങ്ങുകയറാന്‍ ഇതാ മൊബൈൽ‘ആപ്പ്’

web-desk - - Leave a Comment

കോഴിക്കോട്: കോവിഡ് മാറ്റിമറിച്ച തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന പുതിയ മൊബൈല്‍ ആപ്പ്. ഒരു നിശ്ചിത തൊഴില്‍ മേഖലയിലെ വിദഗ്ധരെ ലഭ്യമാക്കുന്ന പതിവ് ആപ്പില്‍ നിന്ന് വ്യത്യസ്തമാണ് ടണ്‍സ് ഓണ്‍ലൈന്‍. ഡോക്ടര്‍ മുതല്‍ ഡാന്‍സ് ടീച്ചര്‍ വരെ, പ്ലംബറും കാര്‍പ്പന്ററും മുതല്‍ ഡിടിപി ഓപ്പറേറ്റര്‍വരെ, തെങ്ങുകയറ്റക്കാരന്‍ മുതല്‍ തൂമ്പാ തൊഴിലാളി വരെ, ഓട്ടോറിക്ഷ, ജെസിബി, ഗുഡ്‌സ്, വാഹനങ്ങള്‍ ലോറി എന്നിയുടെ ബുക്കിംഗ് അങ്ങിനെ സമസ്ത മേഖലയിലെയും ആളുകളുടെ സേവനം ഒരു കുടക്കീഴില്‍ ഒരുക്കുന്നു എന്നതാണ് ടണ്‍സ് ഓണ്‍ലൈനിന്റെ പ്രത്യേകത.
ഒരു മണിക്കൂര്‍ മുതലങ്ങോട്ടുള്ള സേവനം ആപ്പിലൂടെ നിങ്ങള്‍ക്ക് ലഭ്യമാകും. ആപ്പ് തുറന്ന് ഓപ്ഷനില്‍ എത്തിയാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളയാളുടെ സേവനത്തിന് നിങ്ങള്‍ നിശ്ചയിക്കുന്ന സമയത്തേക്ക് എത്ര തുക നല്‍കണം എന്നതു വ്യക്തമാകും. ഇക്കാര്യം ബോധ്യപ്പെട്ട ശേഷം മാത്രം സേവനം ലഭ്യമാക്കിയാല്‍ മതി.
കോഴിക്കോട്ടെ യുവസംരംഭകരുടെ കൂട്ടായ്മയായ ടണ്‍സ് ഫെസിലിറ്റേറ്റേഴ്‌സ് ആണ് പുതിയ ആപ്പിന്റെ ഉപജ്ഞാതാക്കള്‍. ആധുനിക സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്ലാറ്റ് ഫോം ഉപയോഗിച്ചാണ് ടണ്‍സ് ഓണ്‍ലൈന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും സേവന ദാതാക്കള്‍ക്കും ഒറ്റ പ്ലാറ്റ് ഫോമാണ് ഒരുക്കിയിട്ടുള്ളത് എന്നത് ടണ്‍സിന്റെ പ്രത്യേകതയാണ്. ആപ്പില്‍ ചേരുന്ന ഒരാള്‍ക്ക് ജോലിക്കാരനും ഒപ്പം തന്റെ ആവശ്യങ്ങള്‍ക്ക് ആളെ കണ്ടെത്തുന്ന ഉപഭോക്താവുമാകാന്‍ പറ്റും.
കൊറോണ തൊഴില്‍ രഹിതരാക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളും ഏറെ. തൊഴില്‍ പരിശീലനം കരിക്കുലത്തിന്റെ ഭാഗമാക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഏറെ സാമൂഹ്യപ്രസക്തിയുമുണ്ട് ടണ്‍സ് ഓണ്‍ലൈന്‍ ആപ്പിന്. തൊഴില്‍ കണ്ടെത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സ്വയംതൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, പാര്‍ടൈം ജോലി ചെയ്യുന്നവര്‍ക്കും, കോളേജ്, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ഈ ആപ്പ് പ്രയോജനപ്പെടുത്താനാവും.
തങ്ങളുടെ ജോലി സമയവും ജോലിയുടെ നിരക്കും മുന്‍കൂട്ടി തീരുമാനിച്ച് പ്രവര്‍ത്തിക്കാം. വളരെ സുതാര്യമായ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ടണ്‍സ് ലക്ഷ്യമിടുന്നത്. സെപ്തംബറില്‍ മഞ്ചേരിയില്‍ ടണ്‍സ് ഓണ്‍ലൈനിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കും. ഒക്ടോബറില്‍ കോഴിക്കോടും ജനുവരി മുതല്‍ കേരളമൊട്ടാകെയും പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ജില്ലകളിലും ഓഫീസുകളും എല്ലാ പഞ്ചായത്തിലും പ്രതിനിധികളും ടണ്‍സിനുണ്ടാവും.
നിങ്ങള്‍ ആവശ്യപ്പെട്ട ജോലിക്കാരന്‍ എവിടെയെത്തി എന്നു കാണുന്നതിനുള്ള ട്രാക്കിംഗ് സംവിധാനമുള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ളതാണ് ടണ്‍സ് ഓണ്‍ലൈന്‍ ആപ്പ്. ടണ്‍സ് ഓണ്‍ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ഷമീം കുടുക്കന്‍, ഡയറക്ടര്‍മാരായ സാക്കിര്‍.സി, വലീദ് മുഹമ്മദലി, ഓപ്പറേഷന്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍ എം.എ, മാര്‍ക്കറ്റിംഗ് ഹെഡ് തബ്ഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *