സെക്രട്ടറിയേറ്റിൽ അടച്ചിട്ട ടോകോൺവിഭാഗത്തില്‍ തീപിടിത്തത്തില്‍ സുപ്രധാനഫയലുകള്‍ നശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് പ്രധാനസെക്ഷനുകളിലെ ഫയലുകള്‍ നശിച്ചെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടു. എന്‍ഐഎ അന്വേഷണം കൂടിയേതീരൂ. അട്ടിമറിയെന്ന് സംശയമുണ്ട്. ഇന്ന് ഓഫിസില്‍ ആള് കുറവായിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നത്. നാളെ യുഡിഎഫ് കരിദിനം ആചരിക്കും.
രണ്ടു ദിവസം അടച്ചിട്ട മുറിയിൽ ഫാനിന്റെ സ്വിച്ചിൽ നിന്നും തീ പിടിച്ചെന്നാണ് അധികൃതർ പറയുന്നതെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. അടച്ചിട്ട മുറിയിലെ ഫാൻ ഓൺ ആയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതൊക്കെ എങ്ങനെ വിശ്വസിക്കുമെന്നും ചെന്നിത്തല ചോദിക്കുന്നു. ചീഫ് സെക്രട്ടറിക്കെതിരെയും ചെന്നിത്തല രംഗത്തെത്തി. ചീഫ് സെക്രട്ടറി രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുന്നു. എംഎല്‍എമാരെ സെക്രട്ടേറിയറ്റില്‍ കടത്തിവിടാതിരുന്നതിനാണ് വിമര്‍ശനം.
സെക്രട്ടേറിയറ്റ് കലാപഭൂമിയാക്കാന്‍ ആസൂത്രിതശ്രമമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ ആരോപിച്ചു. വ്യാപക അക്രമം നടത്താന്‍ കോണ്‍ഗ്രസ്–ബിജെപി ശ്രമമാണ്. പ്രതിപക്ഷനേതാവ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുവെന്നും വ്യവസായമന്ത്രി ആരോപിച്ചു.
