തിരുവനന്തപുരത്ത് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് സ്ഥാപിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തില്‍

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> തിരുവനന്തപുരത്ത് വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉത്പ്പാദന യൂണിറ്റ് സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വാക്‌സിന്‍ നിര്‍മ്മാണ പ്രോജക്ടിന്റെ ഡയറക്ടറായി ഡോ.എസ്. ചിത്ര ഐ.എ.എസിനെ നിയമിക്കും. ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്‌മെന്‍റ്), ഡോ. വിജയകുമാര്‍ (വാക്‌സിന്‍ വിദഗ്ദ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ മെമ്ബര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രമുഖ കമ്ബനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്ന് തന്നെ വാക്‌സിന്‍ ഉത്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴില്‍ ഉള്‍പ്പെടുത്തി വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവില്‍ നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയില്‍ നിന്ന് 53.55 കോടിരൂപയായി പുതുക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →