തദ്ദേശ തിരഞ്ഞെടുപ്പ്; 22 പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ തീരുമാനമായി

web-desk - - Leave a Comment

കൊച്ചി>>>ജില്ലയിലെ 22 പഞ്ചായത്തുകളിലേക്കുള്ള സംവരണ വാർഡുകൾ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് കളക്ട്രേറ്റിൽ നടന്നു. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്. 
നിയമപ്രകാരം 50 ശതമാനം സീറ്റുകളാണ് പഞ്ചായത്തുകളിൽ വനിതാ സംവരണ വാർഡുകളായി പരിഗണിക്കുന്നത്. നിലവിൽ ജനറൽ വാർഡുകളായി തുടരുന്ന വാർഡുകളെല്ലാം തന്നെ വനിതസംവരണ വാർഡുകളായി പരിഗണിക്കുകയാണുണ്ടായത്. ഇതിൽ നിന്നും പട്ടികജാതി വനിതകൾക്കുള്ള സംവരണ വാർഡ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 2010ലും 2015ലും പട്ടികജാതി സംവരണത്തിലുണ്ടായ വാർഡുകൾ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്. അംഗ സംഖ്യ ഒറ്റസംഖ്യയായിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധികം വന്ന വാർഡ് വനിതാ സംവരണ വാർഡായി പരിഗണിച്ചു. ജനറൽ വാർഡുകളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് ഇത് തെരഞ്ഞെടുത്തത്. 2015ൽ 50 ശതമാനം സ്ത്രീസംവരണം നൽകുന്നതിനു വേണ്ടി അധികമായി നറുക്കെടുപ്പിലൂടെ കണ്ടെത്തിയ നിയോജക മണ്ഡലത്തെ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്. 2010ലും 2015 ലും പട്ടികജാതി സംവരണ വാർഡുകളായിരുന്ന വാർഡുകളെ ഒഴിവാക്കിയാണ് പട്ടികജാതി പൊതു വിഭാഗ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നറുക്കെടുപ്പ് നടത്തിയത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എ.പ്രദീപ്, ഡപ്യൂട്ടി കളക്ടർ എം.വി.സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു. സെപ്തംബർ 29 ന് 20 പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *