Type to search

ടെൻഷൻ ഫ്രീയാകാൻ എത്തിയത് സ്വപ്‌നയുടെ ഫ്ലാറ്റിൽ; തന്‍റെ മദ്യപാന ശീലം പ്രതികൾ മുതലെടുത്തുവെന്ന് ശിവശങ്കറിൻ്റെ മൊഴി

Crime National News


കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികൾ മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്‍റെ സ്വകാര്യ ജീവിതത്തിലെ പരാജയങ്ങൾ മുതലെടുത്തതായ നിഗമനത്തിൽ എൻഐഎ. മൂന്നു ഘട്ടങ്ങളിലായി 25 മണിക്കൂറിലേറെ നടന്ന ചോദ്യം ചെയ്യലിലാണ് ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള അടുപ്പം സംബന്ധിച്ച് എൻഐഎ നിഗമനങ്ങളിലേക്ക് എത്തുന്നത്. സ്വപ്‌നയുടെ ഫ്ളാറ്റിലെ പതിവ് സന്ദർശകനായിരുന്നു ശിവശങ്കർ. ഇതിനുള്ള ഉത്തരവും ശിവശങ്കർ നൽകി. ഉത്തരവാദിത്വമുള്ള ജോലിയിലിരുന്ന താൻ ഓഫീസിൽ നിന്നിറങ്ങിയാൽ ടെൻഷൻ ഫ്രീ ആകുന്നതിനായിട്ടാണ് സ്വപ്‌നയുടെ ഫ്ളാറ്റിലെത്തിയതെന്നാണ് ശിവശങ്കർ വ്യക്തമാക്കിയത്. 
ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ളാറ്റ് എടുത്തത്. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. സ്വപ്നയുടെ ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഈ വിശദീകരണങ്ങള്‍ തൃപ്‌തി‌കരമെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുമ്പ് കസ്റ്റംസിനു നല്‍കിയ മൊഴികളില്‍ ഉറച്ചു നിന്ന ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കി. ശിവശങ്കറിനെപോലെ ഉന്നതപദവിയിലിരിക്കുന്ന ആള്‍ എങ്ങനെ ഇത്തരം ക്രിമിനലുകളുടെ സംഘത്തിലെത്തിയെന്ന കാര്യമാണ് മുഖ്യമായും എന്‍ഐഎ ചോദിച്ചറിഞ്ഞത്. തന്നെ കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി പറഞ്ഞ ശിവശങ്കര്‍ വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് വിഷമത്തോടെ വെളിപ്പെടുത്തി. തന്‍റെ മദ്യപാനശീലം പ്രതികള്‍ മുതലെടുത്തുവെന്ന് ശിവശങ്കര്‍ പറഞ്ഞു. ബന്ധുവായതിനാലാണ് സ്വപ്നയുടെ ഫ്‌ളാറ്റില്‍ പോയിരുന്നത്. അവിടെ നടന്ന മദ്യസല്‍ക്കാരം ആസ്വദിച്ചതോടെ ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശകനായി. സന്ദീപ് അടക്കമുള്ളവരെ പരിചയപ്പെടുന്നത് ഇത്തരം പാര്‍ട്ടികളിലൂടെയാണെന്നും ഈ പാര്‍ട്ടികളുടെ യഥാര്‍ഥ ഉദ്ദേശ്യം മനസിലാക്കാന്‍ സാധിച്ചില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.