ടെക് വിദ്യ @സ്‌കൂൾ പദ്ധതി ; ലാപ്പ്ടോപ്പുകളും, സ്മാർട്ട് ക്ലാസ് മുറികൾക്കുമായി 10.65 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 28 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 8.27 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇത് കൂടാതെ 4 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്സുകളായി മാറുന്നതിന് 2.38 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതികൾക്കുള്ള ഭരണാനുമതി ലഭ്യമായി. കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇത് ഉൾപ്പെടെ  230 ലാപ്പ്ടോപ്പുകളാണ് വിദ്യാഭ്യാസ മേഖലയിൽ എം.എൽ.എ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. പെരുമ്പാവൂർ മണ്ഡലത്തിലെ എല്ലാ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി 152 ലാപ്പ്ടോപ്പുകളും കൂവപ്പടി പോളിടെക്നിക് കോളേജിന് 50 ലാപ്പ്ടോപ്പുകളുമാണ് ഇൻസ്പെയർ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി ഇതുവരെ നൽകിയത്. 70.89 ലക്ഷം രൂപയാണ് ലാപ്പ്ടോപ്പുകൾ നൽകുന്നതിനായി ഇതുവരെ ചെലവഴിച്ചു. 45 സർക്കാർ എയ്ഡഡ് സ്കൂളുകൾ സ്മാർട്ട് ക്ലാസ് മുറികളായി മാറ്റുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 28.21 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. 99.1 ലക്ഷം രൂപയാണ് മണ്ഡലത്തിലെ ഹൈടെക്ക് വിദ്യാഭ്യാസത്തിനായി എം.എൽ.എ ഫണ്ടിൽ നിന്നും മാത്രം ചെലവഴിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

പെരുമ്പാവൂർ മണ്ഡലത്തിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മാർത്തോമ വനിതാ കോളേജിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അനുവദിച്ച ലാപ്പ്ടോപ്പുകൾ അടുത്ത മാസം വിതരണം ചെയ്യും. മണ്ഡലത്തിലെ സർക്കാർ കോളേജായ കൂവപ്പടി പൊളിടെക്നിക്ക് കോളേജിൽ രണ്ടാം ഘട്ടമായി 50 ലാപ്പ്ടോപ്പുകൾ കൂടി നൽകുന്നതിനും ഈ വർഷം പദ്ധതിയുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →