കാസര്‍കോട്>>> ഉദ്ഘാടനം ചെയ്ത് നാടിന് സമര്പിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതിനെതിരെ പരക്കെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ടാറ്റായുടെ കൊവിഡ് ആശുപത്രി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആശുപത്രിയിലേക്ക് 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താത്കാലികമായി അല്ലെങ്കില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കുന്നതിനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.കൊവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് ടാറ്റാ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി സെപ്റ്റംബര്‍ ഒന്‍പതിനാണ് സര്‍ക്കാരിന് കൈമാറിയത്. ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും ജീവനക്കാരെ നിയമിക്കാനുള്ള നടപടിയായിരുന്നില്ല. കിടക്കകളടക്കമുള്ള ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ക്ക് ടെണ്ടര്‍ നടപടി മാത്രമാണ് നടത്തിയത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷമടക്കുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.നീലേശ്വരം നഗരസഭ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെ ടാറ്റാ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രഖ്യാപനം നടത്തിയിരുന്നു. ആശുപത്രി ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണം. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളത്. അതിനാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രിവ്യക്തമാക്കിയിരുന്നു.കൊവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന് സംവിധാനം, ഓരോ കണ്ടെയ്നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്.
റിസപ്ഷ്ന്‍ സംവിധാനം, ക്യാൻ്റീന്‍, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി128 യൂണിറ്റുകളിലായി (കണ്ടെയ്നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്.