ജോസ് കെ മാണിയുടെ നീക്കം കാത്ത്‌ സിപിഎം; സിപിഐയുടെ എതിര്‍പ്പ് കടമ്പ

web-desk - - Leave a Comment

കോട്ടയം:പുറത്താക്കി കഴിഞ്ഞിട്ട് ഇനിയെന്ത് ചര്‍ച്ചയെന്നാണ് യുഡിഎഫ് പുറത്താക്കലിനു പിന്നാലെ ജോസ് കെ. മാണി വാര്‍ത്താ സമ്മേളനത്തില്‍ ക്ഷുഭിതനായി ചോദിച്ചത്. യുഡിഎഫുമായി ഇനിയൊരു ചര്‍ച്ചാ സാധ്യതയില്ലെന്നാണ് ജോസ് കെ മാണിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലെ പ്രതികരണങ്ങളില്‍ നിന്ന് ബോധ്യമാവുന്നത്. എല്‍ഡിഎഫിലേക്കുള്ള പ്രവേശനത്തിന്റെ സൂചന നല്‍കുന്ന പ്രഖ്യാപനമായി ഈ പ്രസ്താവനയെ കാണുമ്പോഴും വ്യക്തമായ രാഷ്ട്രീയ തീരുമാനം ജോസ് കെ. മാണി വിഭാഗത്തിന്റെ ഭാഗത്തു നിന്നുണ്ടാവാതെ വിഷയത്തില്‍ ഒരു പ്രതികരണം ഇടതുപക്ഷത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. എടുത്തു ചാടി തീരുമാനമെടുക്കുന്നത് നിലവിലെ എല്‍ഡിഎഫ് മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന ജാഗ്രതയുടെ ഭാഗമായാണ് പൊടുന്നെയുള്ള പ്രതികരണങ്ങള്‍ക്ക് എല്‍ഡിഎഫ് നേതാക്കള്‍ മുതിരാത്തത്.

ഇനി പാര്‍ട്ടി ഓഫീസിലും കേരളത്തിലും ജോസ് പക്ഷമുണ്ടാകുമെന്ന് റോഷി അഗസ്റ്റിനും അര്‍ഥ ശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജോസ് കെ. മാണി പക്ഷവും പി.ജെ ജോസഫ് പക്ഷവും ഒരുമിച്ച് ഒരു മുന്നണിയിലുണ്ടാകില്ലെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പാണ്. യുഡിഎഫ് പി.ജെ ജോസഫിന് പരസ്യ പിന്തുണ നല്‍കിയ സ്ഥിതിക്ക് ജോസ് കെ മാണി വിഭാഗം ഏത് മുന്നണിയിലേക്കെന്നതു തന്നെയാണ് കേരളം ഉറ്റു നോക്കുന്നത്.കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് കെ എം മാണിക്കെതിരേ എല്‍ഡിഎഫ് സഭക്കകത്തും പുറത്തും നടത്തിയ പ്രക്ഷോഭങ്ങള്‍ ജനം അത്രപെട്ടെന്ന് മറക്കില്ലെന്ന് ഇടതുപക്ഷത്തിന് നന്നേ ബോധ്യമുള്ള കാര്യമാണ്. ഇത്തരമൊരു ചരിത്രം നിലനില്‍ക്കെ അതേയാളുടെ മകന്റെ പക്ഷത്തെ ഏത് രാഷ്ട്രീയത്തിന്റെ പേരിലായാലും മുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയെന്നത് എല്‍ഡിഎഫിന് തിരിച്ചടിയായേക്കാം.അതിനാലാണ് വലതുപക്ഷത്തിന്റെ കൂടെ നിന്നുള്ള വിലപേശല്‍ തന്ത്രങ്ങളില്‍ തങ്ങള്‍ വീഴില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയത്. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയമാണോ അതോ വലതുപക്ഷത്തിന്റെ കൂടെ നിന്ന് വിലപേശലാണോ കേരള കോണ്‍ഗ്രസ്സ് ലക്ഷ്യവെക്കുന്നതെന്ന് അവരാണ് വ്യക്തമാക്കേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ജൂണ്‍ അഞ്ചിന് കൃത്യമായി നിലപാട് വ്യക്തമാക്കുകയും ചെയ്തതാണ്. കേരള കോണ്‍ഗ്രസ്സില്‍ ജോസ് കെ മാണി ജോസഫ് ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മറ നീക്കി പുറത്തു വന്നപ്പോഴാണ് ഇടതുമുന്നണിയുടെ നിലപാട് കോടിയേരി വ്യക്തമാക്കിയത്.അവര്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലേ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാവൂ. തീരുമാനം അതിനു ശേഷം മാത്രമെന്നും കോടിയേരി അന്ന് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് തന്നെ തര്‍ക്കമുന്നണിയാണ്. എങ്ങനെ അവര്‍ പ്രവര്‍ത്തിച്ചാലും തര്‍ക്കങ്ങള്‍ മൂര്‍ച്ചിക്കും. കേരള കോണ്‍ഗ്രസ്സിന്റെ യോജിപ്പ് ഏച്ചു കൂട്ടിവെച്ച സംവിധാനമാണ്. അന്നവര്‍ യോജിച്ച സാഹചര്യമല്ല ഇന്നുള്ളത്. അതിന്റേതായ പൊട്ടിത്തെറിയാണ് ഇന്ന് കേരള കോണ്‍ഗ്രസ്സിലുള്ളത്” എന്ന വിശദമായ നിലപാട് ഈ മാസമാദ്യമാണ് കോടിയേരി വ്യക്തമാക്കിയത്. പക്ഷെ അന്ന്‌ ജോസ് കെ മാണിയോ യുഡിഎഫോ പരസ്യമായ നിലപാട് വ്യക്തമാക്കിയിരുന്നില്ല. പക്ഷെ ഇന്ന് സാഹചര്യം പാടെ മാറിയ സ്ഥിതിക്ക് ഇടതുമുന്നണിയിലേക്കുള്ള ജോസ് കെ . മാണി വിഭാഗത്തിന്റെ സാധ്യതകൾ തുറക്കുകയാണ്.

തര്‍ക്കം ഉച്ചസഥായിലെത്തുകയും ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് എന്താണെന്നാണ് ഇടതുപക്ഷവും ഉറ്റുനോക്കുന്നത്. അത്തരമൊരു രാഷ്ട്രീയ നിലപാടിന്റെ പേരിലല്ലാതെ ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടുന്നത് ഇടതുമുന്നണിയിലെ മറ്റ് കക്ഷികളെഅകറ്റുന്നതിലേക്കെത്തിക്കുമെന്ന ഭയം സിപിഎമ്മിനുമുണ്ട്. പ്രത്യേകിച്ച് സിപിഐയെ.
ജോസ് കെ മാണിയുടെ ഇടതുപക്ഷ പ്രവേശനംആലോചിക്കാറായിട്ടില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും ഇന്നറിയിച്ചത്. ജോസ് പക്ഷത്തെ എന്‍ഡിഎയിലെത്തിക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *