ജീവിത വഴിയില്‍ തളരാത്ത പോരാളി ആനിശിവ ഇനി കൊച്ചിയില്‍ ജോലി ചെയ്യും: ആനിശിവയ്ക്ക് അഭിനന്ദന പ്രവാഹം

ന്യൂസ് ഡെസ്ക്ക് -

ജീവിത വഴിയില്‍ തളരാത്ത പോരാളി വര്‍ക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയില്‍ ജോലി ചെയ്യും. കൊച്ചിയില്‍ പഠിക്കുന്ന മകന്റെയൊപ്പം താമസിച്ച്‌ ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന ആനിയുടെ അപേക്ഷ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പരിഗണിക്കുകയായിരുന്നു.

തിരുവനന്തപുരം റേഞ്ചില്‍ നിന്ന്‌ കൊച്ചി റേഞ്ചിലേക്ക് സ്ഥലംമാറ്റി അനുകൂലമായ ഉത്തരവ് ഡി.ഐ.ജി. ഹരിശങ്കര്‍ ഇറക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ ആയിരുന്നു ആനി ശിവ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇക്കാലയളവില്‍ ആനിയും മകനും തിരുവനന്തപുരത്തുനിന്ന്‌ കൊച്ചിയിലേക്ക് താമസം മാറുകയും ചെയ്തു.

മകന്‍ സൂര്യശിവ കൊച്ചിയിലെ സ്കൂളില്‍ പഠനവും തുടങ്ങി.സൂര്യശിവയെ ഒറ്റയ്ക്ക് ആക്കിയായിരുന്നു വര്‍ക്കലയില്‍ എസ്.ഐ.ആയി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞദിവസം ആനി എത്തിയത്. കൊവിഡ് കാലത്ത് മകന്‍ ഒറ്റയ്ക്കാണെന്നും പഠനത്തില്‍ സഹായിക്കുന്നതിനായി കൊച്ചിയിലേക്ക് മാറ്റം നല്‍കണമെന്നായിരുന്നു അപേക്ഷ.

ജീവിതം ഒറ്റയ്ക്ക് പോരാടി വിജയിച്ച്‌ നാടിന് പ്രചോദനമായി മാറിയ ആനിയുടെ സങ്കടത്തിന് ഒടുവില്‍ പൊലീസ് തന്നെ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു.

ഭര്‍ത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന ആനിശിവ ലോകത്തിന് തന്നെ മാതൃകയാണ്. ശിവഗിരി തീര്‍ഥാടന സമയത്ത് നാരാങ്ങാവെള്ളവും ഐസ്‌ക്രീമും വിറ്റ് ജീവിച്ചിരുന്ന പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയി എത്തിയപ്പോള്‍ അത് തളരാത്ത പോരാട്ടത്തിന്റെ ചിത്രം കൂടിയായി.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →