ജാതി വിവേചനത്തിന് വിരാമമിട്ട് വട്ടവടയില്‍ പൊതു ബാര്‍ബര്‍ ഷോപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

web-desk - - Leave a Comment

ഇടുക്കി : ശീതാ കാല പച്ചക്കറി കൃഷിക്ക് പേരുകേട്ട വട്ടവടയിൽ  ജാതി വേചനത്തിന് വിരാമമിട്ട് പൊതുബാര്‍ബര്‍ ഷോപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കൊവിലൂര്‍ ബസ്റ്റാന്റിന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിച്ച ബാര്‍ബര്‍ ഷോപ്പ് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  താഴ്ന്ന ജാതിയില്‍പെട്ടവരുടെ മുടിവെട്ടാന്‍ തയ്യാറാകാത്ത ജാതിവിവേചനം വിവാദമായതോടെയാണ് പഞ്ചായത്ത് ഇടപെട്ട് വിവേചനം കാട്ടിയ ബാര്‍ബര്‍ ഷോപ്പുകള്‍ അടപ്പിക്കുകയും എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്ന പൊതു ബാര്‍ബര്‍ ഷോപ്പ് ആരംഭിക്കുന്നതിന് തീരുമാനിച്ചത്. തുടര്‍ന്ന് ബസ്റ്റാന്റില്‍ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ ബാര്‍ബര്‍ ഷോപ്പ് ആരംഭിച്ചത്. ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ ബാബര്‍ ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ജാതി വിവേചനം ഇനിയും വട്ടവടയില്‍ തുടരേണ്ടതില്ലെന്നും പൊതു ബാര്‍ബര്‍ ഷോപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഏവര്‍ക്കും മുടി വെട്ടാനുള്ള അവകാശത്തിനു  വേണ്ടിയാണെന്നും എം എല്‍ എ പറഞ്ഞു.ജാതി വിവേചനം ഇനിയും വട്ടവടയുടെ മണ്ണില്‍ അനുവദിക്കില്ലന്ന ഉറച്ച തീരുമാനത്തിലാണ് പുതിയ തലമുറയും.ഇതോടൊപ്പം ഇനി വട്ടവടയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി. പഞ്ചായത്തിന്റെ ഇടപെടലില്‍ പൊതു ബാര്‍ബര്‍ ഷോപ്പ് ആരംഭിച്ചതിലൂടെ നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്നിരുന്ന വലിയ വിവേചനത്തിനാണ് പര്യവസാനമായത്. പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാമരാജ്, ഭരണ സമിതി അംഗങ്ങളായ എം കെ മുരുകന്‍, അളക രാജ് , ജയാ മാരിയപ്പന്‍, ബാര്‍ബേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷിബു, സെക്രട്ടറി ആര്‍ നന്ദകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി വര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *