ദോഹ >>> പ്രവാസി അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന് സമീറിന്റെ രചനയില്‍ പിറന്ന ഭക്തി ഗാന ആല്‍ബം ജന്നത്ത് നാളെ യുട്യൂബില്‍ റിലീസ് ചെയ്യും. മനസിനെ ക്രിയാത്മകവും രചനാത്മകവുമായ മാര്‍ഗങ്ങളിലേക്ക് നയിക്കുന്ന ചാലക ശക്തിയായ പ്രാര്‍ഥനയാണ് ഈ രചനയുടെ കരുത്ത്. ജാസ്മിന്റെ വരികള്‍ ആല്‍ബമാകുന്നത് ഇത് രണ്ടാം തവണയാണ്.
“പാട്ട് പരിചയപ്പെടുത്തുന്നിടത്ത്, പരിമിതിയില്ലാത്ത ഊര്‍ജ്ജമാണ് പ്രാര്‍ത്ഥന, അനന്തമാണതിന്‍ വ്യാപ്തി “, എന്നിങ്ങനെ ജാസ്മിന് കുറിക്കുന്ന വരികള്‍ ഈ ആശയമാണ് പ്രതിഫലിപ്പിക്കുന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ള ഭക്തിസാന്ദ്രവും സന്ദേശ പ്രധാനവുമായൊരു ഗാനം എന്നതാകും ജന്നത്തിന്റെ സവിശേഷത.
കോവിഡ് ഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്ക്കുന്ന സമയത്ത് ഭക്തിയും പ്രാര്‍ഥനയുമാണ് മനുഷ്യന് ഏറ്റവും ആശ്വാസം പകരുന്നത് എന്നതിനാല്‍ ഏറെ അവസരോചിതമായ ജാസ്മിന്റെ ഈ സര്‍ഗസഞ്ചാരം സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. കാവ്യാത്മകമായ പാട്ടുകള്‍ എന്നാണ് ജാസ്മിന്റെ വരികളെ മാപ്പിളപ്പാട്ട് ഗവേഷകന് ഫൈസല്‍ എളേറ്റിലും സംഗീത സംവിധായകന് കെ.വി. അബുട്ടിയും വിശദീകരിച്ചത്. ഷാര്‍ജ ബുക്ക് അതോരിറ്റിയിലെ മോഹന്‍കുമാറും ജാസ്മിന്റെ സര്‍ഗസപര്യകളെ ഏറെ പ്രശംസിച്ചുവെന്നത് സര്‍ഗവഴികളിലെ ജാസ്മിന്റെ ധന്യമായ ചുവടുകള്‍ക്കുള്ള അംഗീകാരമാണ് .
കണ്ണൂര്‍ ജില്ലയിലെ ചിറക്കലില്‍ ഖദീജ അമ്പലത്തിലകത്തിന്റേയും അബ്ദുല്‍ ഖാദര്‍ ഗുരുക്കളുടേയും മകളായ ജാസ്മിന് “വൈകി വീശിയ മുല്ലഗന്ധം, മകള്‍ക്ക്, കാത്തുവെച്ച പ്രണയമൊഴികള്‍ ” എന്നീ കാവ്യ സമാഹാരങ്ങളുടെ കര്‍ത്താവാണ്. ദുബൈയില്‍ സിവില്‍ എഞ്ചിനീയറായ സമീറാണ് ഭര്‍ത്താവ്. ശഹ്സാദ്, ജന്നത്ത് എന്നിവര്‍ മക്കളാണ്.
റഹ്മാനാണ് ആല്‍ബത്തിന്റെ നിര്‍മാതാവ്. പാടിയത് സാവേരി ബിഥുലും മ്യൂസികും റിഥവും ബിനില്‍ ത്യാഗരാജനും ഓര്ക്കസ്ട്രേഷന് സജിത് ശങ്കറും ഫ്ളൂട്ട് നിഖിലും സൗണ്ട് & മിക്സിംഗ് രാദിയേഷ് പാല്, ക്യാമറ അഭിലാഷ് അശോക്, എഡിറ്റിംഗ് പ്രമോദ് മാധവനുമാണ് നിര്‍വ്വഹിച്ചത്.