ചൂതാട്ടകേന്ദ്രം നടത്തിവന്നിരുന്ന പ്രശസ്ത തമിഴ് സിനിമ നടന്‍ ഉള്‍പ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

web-desk - - Leave a Comment

ചെന്നൈ: ചൂതാട്ടകേന്ദ്രം നടത്തിവന്നിരുന്ന പ്രശസ്ത തമിഴ് സിനിമ നടന്‍ ഉള്‍പ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് യുവനടന്‍ ഷാം ആണ് ചൂതാട്ട കേന്ദ്രം നടത്തിയതിന് അറസ്റ്റിലായത്. ഷാമിന്റെ ചൂതാട്ട കേന്ദ്രത്തിലെത്തി പണം നഷ്ടമായ മറ്റൊരു പ്രമുഖ നടന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ നുങ്കംപക്കത്തെ ഷാമിന്റെ അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ചാണ് ചൂതാട്ടം നടന്നിരുന്നത്. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന ടോക്കണുകളും മറ്റും ഷാമിന്റെ ഫ്ലാറ്റില്‍ നിന്നും പൊലീസ് കണ്ടെടുത്തു.ലോക്ക്ഡൗണ്‍ കാലത്ത് സിനിമ ഇല്ലാത്തതിനാലാണ് നുങ്കംപക്കത്തെ ഷാമിന്റെ ഫ്ലാറ്റില്‍ ചൂതാട്ടം ആരംഭിച്ചത്. രാത്രി 11 മണി മുതല്‍ രാവിലെ 4 മണി വരെ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ തമിഴ് സിനിമയിലെ പല പ്രമുഖ നടന്മാരും ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് തമിഴ് സിനിമയിലെ തന്നെ മറ്റൊരു നടന് പത്ത് ലക്ഷത്തോളം രൂപ നഷ്ടമാകുന്നത്. ഇതേതുടര്‍ന്നാണ് ഇയാള്‍ ഷാമിന്റെ ചൂതാട്ട കേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.കഴിഞ്ഞയാഴ്ച 10 ലക്ഷം രൂപ നഷ്ടപ്പെട്ട നടൻ അര്‍ദ്ധരാത്രിയില്‍ മറ്റുള്ളവരുമായി വഴക്കുണ്ടാക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം പുറത്തായത്. ലോക്ക്ഡൗണ്‍ കാരണം ഷൂട്ടിങ് ഷെഡ്യൂളുകളില്‍ തിരക്കില്ലാത്തതിനാല്‍ നിരവധി അഭിനേതാക്കള്‍ ഇതില്‍ പങ്കാളികളാകാമെന്ന് പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു എങ്കിലും , ഉചിതമായ വകുപ്പുകള്‍ പ്രകാരം ഉടന്‍ തന്നെ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റ് ചെയ്തവരിൽ നിന്നും ലക്ഷക്കണക്കിന് രൂപയും പൊലീസ് പിടിച്ചെടുത്തു. ഷാം 2001ലെ 12 ബി എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിവിധ തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. വെങ്കിട് പ്രഭു സംവിധാനം ചെയ്ത പാര്‍ട്ടിയിലാണ് അവസാനം അഭിനയിച്ചത്. ഇത് റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *