ചാലക്കുടിപ്പുഴയിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; അപകടം പഴയ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത്

സ്വന്തം ലേഖകൻ -

തൃശൂര്‍>>>ചാലക്കുടിപ്പുഴയുടെ പാലത്തില്‍ നിന്നും കണ്ടെയ്‌നര്‍ ലോറി പുഴയിലേക്ക് മറിഞ്ഞു. പഴയ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ലോറി കുത്തനെ പുഴയിലേക്ക് മറിയുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് ഉച്ചക്ക് 3.30 ഓടെ അപകടത്തില്‍പ്പെട്ടത്.

ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. 
പഴയ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ഇരു പാലങ്ങള്‍ക്കും ഇടയിലുള്ള ഭാഗത്തേക്ക് നിയന്ത്രം വിട്ട് കുത്തനെ മറിയുകയായിരുന്നു. ഡ്രൈവർ സാഹിൽ ക്ലീനർ ഇക്ബാല്‍ എന്നിവരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇരുവരും പുഴയിലേക്ക് ചാടി. പുഴയില്‍ തങ്ങി കിടന്നിരുന്ന മുളങ്കൂട്ടത്തിനിടയില്‍ കയറിയിരുന്ന ഇവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നാഗാലാന്റ് രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ലോഡ് ഉണ്ടായിരുന്നില്ല.  
അപകടത്തെ തുടര്‍ന്ന് ഇരു പാലങ്ങളിലും ഒരു മണിക്കൂറില്‍ അധികം ഗതാഗതം തടസ്സപ്പെട്ടു. റെസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ്, സുജിത്ത് കെ ആര്‍, സ്റ്റേഷന്‍ ഓഫീസര്‍ സി ഒ ജോയിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →