ന്യൂഡൽഹി: രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകളിൽ ഒന്നിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്നോ നാളെയോ തുടങ്ങുമെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ അറിയിച്ചതുപോലെ മൂന്ന് വാക്സിനുകളാണ് രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഒന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. മറ്റ് രണ്ടെണ്ണം ഒന്നാമത്തെയും രണ്ടാമത്തെയും പരീക്ഷണ ഘട്ടങ്ങളിലാണെന്നും വി.കെ പോൾ പറഞ്ഞു.
കോവിഡ് രോഗത്തിന്റെ വ്യാപ്തി വലുതാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. രോഗം ഭേദമായ ശേഷവും ചില പ്രശ്നങ്ങൾ വ്യക്തികളിൽ ഉണ്ടായേക്കാം എന്നകാര്യം
നാം മനസിലാക്കേണ്ടതുണ്ട്. ശാസ്ത്രജ്ഞരും ആരോഗ്യ രംഗത്തെ വിദഗ്ധരും അതേക്കുറിച്ചെല്ലാം നീരീക്ഷിച്ചു വരികയാണ്. എന്നാൽ കോവിഡ് ദീർഘകാലത്തേക്ക് ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ അപകടകരമല്ല എന്നാണ് ഇപ്പോഴത്തെ നിലയിൽ പറയാൻ കഴിയുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യയിൽ മൂന്ന് കോവിഡ് വാക്സിനുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പരീക്ഷണം പുരോഗമിക്കുമ്പോൾതന്നെ വാക്സിൻ ഉദ്പാദനത്തിനുള്ള പദ്ധതിയും തയ്യാറാക്കിക്കഴിഞ്ഞു. ഓരോ ഇന്ത്യക്കാരനും വാക്സിൻ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ എത്തിക്കാം എന്നതുസംബന്ധിച്ച റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതിനിടെ, രാജ്യത്തെ കോവിഡ് മരണ നിരക്ക് രണ്ട് ശതമാനത്തിൽ താഴെ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 24 മണിക്കൂറിനിടെ 8,99,000-ത്തിലധികം പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. പരിശോധനയുടെ കാര്യത്തിൽ ഇതുവരെ ഉള്ളതിൽവച്ച് ഏറ്റവും ഉയർന്ന കണക്കാണിതെന്നും ആരോഗ്യ മന്ത്രാലയ സെക്രട്ടറി അവകാശപ്പെട്ടു.