കോവിഡ് പരിശോധന: പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>>  സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍ അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് ഇനി പരിശോധന നടത്തുക. ഒരാഴ്ചത്തെ ടി.പി.ആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തുടര്‍ച്ചയായ 3 ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 300ന്റെ മൂന്ന് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടി.പി.ആര്‍ കുറയുന്നതനുസരിച്ച്‌ പരിശോധനയിലും മാറ്റമുണ്ടാകും. ഒരാഴ്ചത്തെ ടി.പി.ആര്‍ 20നും 30 ശതമാനത്തിനും ഇടയിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന നടത്തും. ഒരാഴ്ചത്തെ ടി.പി.ആര്‍ 2നും 20 ശതമാനത്തിനും ഇടയിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന നടത്തും. ഈ മൂന്ന് വിഭാഗങ്ങള്‍ക്കും ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍, മറ്റ് പരിശോധനകള്‍ എന്നിവയാണ് നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍ 2 ശതമാനത്തിന് താഴെയായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന നടത്തണം. ഒരു പൂളില്‍ 5 സാമ്ബിള്‍ എന്ന നിലയില്‍ ആര്‍.ടി.പി.സി.ആര്‍ പൂള്‍ഡ് പരിശോധനയാണ് നടത്തുക.

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്ത്/ വാര്‍ഡ് എന്നിവിടങ്ങളിലെ സ്ഥിതി ജില്ലാ സര്‍വയലന്‍സ് യൂണിറ്റ് വിശകലനം നടത്തുകയും പരിശോധനയ്ക്കുള്ള ടാര്‍ജറ്റ് നിശ്ചയിക്കുകയും ചെയ്യും. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റ് സ്ഥാപനങ്ങള്‍, പ്രത്യേക പ്രദേശങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ സമീപത്തുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ആവശ്യമെങ്കില്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകളും ഉപയോഗിക്കാവുന്നതാണെന്നും പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →