തൃശൂർ:ചാനല്‍ പരിപാടിയിലുടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്ത് നടപടികള്‍ക്ക് ശേഷം വിട്ടയച്ചു. ശ്രീകണ്ഠന്‍ നായര്‍ക്കെതിരേയും ഡോ. ഷിനു ശ്യാമളനെതിരേയും നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 505(1)(b), കേരള പൊലീസ് ആക്‌ട് 120(0) എന്നീ വകുപ്പുകളായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
തൃശൂര്‍ ജില്ലയിലെ തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പ്രവാസിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുവര്‍ക്കും നിയമ നടപടി നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.ഹൈക്കോടതി നിര്‍ദേശപ്രകാരം വെള്ളിയാഴ്ച ഇരുവരും വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അറസ്റ്റിന് ശേഷം ഇരുവരേയും വിട്ടയച്ചു.ഇരുവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങൾ കോടതി നടത്തുകയും ചെയ്തു. കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നായിരുന്നു ഹര്‍ജി പരിഗണിക്കുമ്പോൾ ഹൈക്കോടതിയുടെ അഭിപ്രായം. ദൃശ്യമാധ്യമങ്ങളിലായാലും, അച്ചടിമാധ്യമങ്ങളിലായാലും ഒരിക്കല്‍ വാര്‍ത്ത നല്‍കി കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി