Type to search

കോവിഡ് കാലത്ത് അതിജീവനത്തിന്റെ കാർഷിക മാതൃകയായി പച്ചത്തുരുത്ത് പദ്ധതി

Uncategorized


പെരുമ്പാവൂർ : കോവിഡ് പ്രതിസന്ധി കാലത്തും അതിജീവനത്തിന്റെ കാർഷിക മാതൃകയാവുകയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നേതൃത്വം നൽകുന്ന പച്ചത്തുരുത്ത് കാർഷിക പദ്ധതി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ തുടക്കം കുറിച്ച ഈ പദ്ധതി കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് ആരംഭിച്ചത്. കൊറോണ വ്യാപനം മൂലം നേരിടാൻ പോകുന്ന ഭക്ഷ്യ ക്ഷാമം പരിഹരിക്കുകയും കൂടുതൽ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് എംഎൽഎ അറിയിച്ചു.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ട പദ്ധതിയുടെ ആദ്യ വിളവെടുപ്പ് വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനിയിൽ കെ.എൻ സുകുമാരന്റെ കൃഷിയിടത്തിൽ വെച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു. ഇവിടെ ഒരേക്കർ സ്ഥലത്താണ് കൃഷി നടത്തിയത്. വാഴ, ഇഞ്ചി, മഞ്ഞൾ, മുളകുകൾ, പാവലം, പടവലം, പയർ, കൂർക്ക, ചുരക്ക, കോവക്ക, കുമ്പളം എന്നി ഇനങ്ങളാണ് കൃഷി ചെയ്തു വിളവെടുത്തത്. കൂടാതെ അരയേക്കർ സ്ഥലത്ത് പൈനാപ്പിൾ കൃഷിയും നടത്തുന്നുണ്ട്.
എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ വൈസ് പ്രസിഡന്റ് ആണ് കെ.എൻ സുകുമാരൻ. അദ്ദേഹത്തിന്റെ ഭാര്യയും പെരുമാനി ഗവ. എൽ.പി സ്‌കൂൾ അധ്യാപികയുമായ ഓമന ടീച്ചറും മക്കളും പച്ചത്തുരുത്ത് പദ്ധതിയിൽ പങ്കാളിയായി.

കൃഷി വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുമ്പാവൂർ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. മണ്ഡലത്തിലെ യുവ കർഷകർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും കൃഷി ചെയ്യുന്നതിനുള്ള അവസരം ഒരുക്കും. കൂടാതെ തരിശ് ഭൂമിയിൽ കൃഷി ചെയ്യുവാൻ താൽപ്പര്യം ഉള്ളവർക്കും പരമാവധി പ്രോത്സാഹനം പദ്ധതിയിലൂടെ നൽകുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.
പദ്ധതിക്ക് ആവശ്യമായ കാർഷിക ഉപകരണങ്ങളും ലഭ്യമാക്കും. എം.എൽ.എ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ ഉൾപ്പെടെയുള്ളവ പദ്ധതിക്കായി വിനിയോഗിക്കുന്നുണ്ട്. പദ്ധതിക്ക് ആവശ്യമായ ഫ്ലോട്ടിംഗ് ജെ.സി.ബി വാങ്ങുന്നതിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നതിന് പ്രത്യേകാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കിന് കത്ത് നൽകിയിട്ടുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൃഷി വകുപ്പിന് എംഎൽഎ ഫണ്ടിൽ നിന്നും ഫ്ലോട്ടിംഗ്
ജെസിബി ലഭ്യമാക്കി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലെ കാർഷിക മേഖലയിൽ ഉപയോഗിക്കുവാൻ സാധിക്കും.
പദ്ധതിയുടെ അടുത്ത ഘട്ടമായി മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ പരിധിയിലേക്കും പദ്ധതി വ്യാപിക്കും. മുൻപ് മണ്ഡലത്തിലെ സ്‌കൂളുകളിൽ നടപ്പിലാക്കിയ പരിസ്ഥിതി സൗഹാർദ്ദ പദ്ധതിയായ ‘ പീപ്പ് ‘ പദ്ധതിയുടെ മാതൃകയിൽ, കാർഷിക മേഖലയിലേക്ക് വിദ്യാർഥികളെ
ആകർഷിക്കുന്നതിനുള്ള പദ്ധതിയായി പച്ചത്തുരുത്ത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. വിദ്യാലയങ്ങളിൽ കൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്തുകളും തൈകളും മറ്റും ക്ലാസുകൾ ആരംഭിച്ചതിന് ശേഷം നൽകും. തരിശു ഭൂമിയിൽ ജൈവ കൃഷി നടപ്പിലാക്കി വിദ്യാലയങ്ങൾ വഴി
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ സാധിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്, ടി.എം കുര്യാക്കോസ്, എൻ. വിശ്വംഭരൻ, എം.പി സന്തോഷ്, വി.എച്ച് മുഹമ്മദ്, പി.എ മുക്താർ, എൻ.ബി ഹമീദ്, അഡ്വ. അരുൺ ജേക്കബ്, അഡ്വ. അനീഷ് പോൾ, അജിത്ത് കടമ്പനാട്, സിജോ തോമസ്, എൻ.വി കുര്യാക്കോസ്, റെജി ജോൺ, എമിൽ ഏലിയാസ്, പി.പി യാക്കോബ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.