കൊച്ചി:കോവിഡ് കാലത്തും ഓൺലൈൻ വഴി പണം തട്ടുന്ന സംഘം സജീവം. സമ്മാനങ്ങളും ലാഭവും വാഗ്ദാനം ചെയ്ത് ഓൺലൈനായും എസ്എംഎസ് ആയും സന്ദേശങ്ങൾ അയച്ചാണ് സംഘങ്ങൾ തട്ടിപ്പിന് കളമൊരുക്കുന്നത്.
അടുത്തിടെ ഒട്ടേറെ പേർക്ക് 8 ലക്ഷത്തോളം രൂപ വരുന്ന കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന എസ്എംഎസുകൾ ലഭിച്ചിരുന്നു. രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാരസ്ഥാപനത്തിന്റെ പേരിലാണ് സന്ദേശം ലഭിച്ചത്. ഈ കാർ എത്രയും പെട്ടെന്ന് ലഭിക്കുമെന്നും ഇതിനായി ജിഎസ്ടി തുകയായി 7,500 രൂപ അടയ്ക്കണം എന്നുമാണ് സന്ദേശത്തിലുള്ളത്.

ഇതിനു തൊട്ടുപിന്നാലെ ബംഗാളിൽനിന്ന് ഫോൺ വിളിയും വരും.ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളാണ് ആദ്യം ആവശ്യപ്പെടുന്നത്. തുടർന്ന് 7,500 രൂപ ഗൂഗിൾ പേ വഴി അടയ്ക്കാനുള്ള നിർദേശവും നൽകും. പണമടച്ചു കഴിഞ്ഞാൽ അവർ നൽകുന്ന കത്ത് തൊട്ടടുത്തുള്ള കാർ ഡീലറെ കാണിച്ചാൽ കാർ സൗജന്യമായി സ്വന്തമാക്കാം എന്നാണ് വാഗ്ദാനം. എന്നാൽ ഇതിൽ പറഞ്ഞിട്ടുള്ള ഓൺലൈൻ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലുള്ള ഒരു സമ്മാന പദ്ധതിയും നിലവിലില്ലെന്നും ഇത് വൻ തട്ടിപ്പാണ് എന്നുമാണ് അറിയാൻ സാധിച്ചത്. സ്ത്രീകളുടെ മാത്രം ഫോൺ നമ്പർ കണ്ടെത്തി വിളിച്ച് തട്ടിപ്പു നടത്തുന്ന മറ്റൊരു സംഘവും സജീവമാണ്.എറണാകുളത്തെ പ്രശസ്തമായ ഒരു ജ്വല്ലറിയുടെ പേരിലാണ് തട്ടിപ്പുസംഘം പണം തട്ടാൻ ശ്രമിക്കുന്നത്. ഈ ജ്വല്ലറിയിൽ നടത്തിയ നറുക്കെടുപ്പിൽ സ്വർണം സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്നാണ് ഫോൺ വിളിച്ച് അറിയിക്കുന്നത്. സമ്മാനമായി ലഭിച്ച സ്വർണം അയച്ചു തരാമെന്നും ഇതിന്റെ ചാർജായി 1,000 രൂപ നൽകണമെന്നുമാണ് ഇവർ അറിയിക്കുന്നത്. പലരും ഈ തട്ടിപ്പിൽപെട്ടതായാണ് വിവരം