കോതമംഗലം തട്ടേക്കാട് കാ ണാതായ വാച്ചറുടെ മൃതദേഹം പെരിയാറ്റിൽ നിന്ന് കണ്ടെത്തി

-

കോതമംഗലം >> പെരിയാറിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം കണ്ടെത്തി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെ ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരുന്നു.

എൽദോസിനെ കാണാതായ വിവരം അറിഞ്ഞതോടെ ഫയർഫോഴ്സ്, വനം വകുപ്പ് ,പോലീസ്, നാട്ടുകാർ എന്നിവർ പെരിയാറ്റിലും, വനമേഖലയിലും വ്യാപകമായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഓവുങ്കൽ കടവിൽ ഡ്യൂട്ടിയിലായിരുന്ന എൽദോസ് മറ്റൊരു വാച്ചറായ രാജനൊപ്പം സഞ്ചരിക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇതിന് ശേഷമാണ് എൽദോസിനെ കാണാതാകുന്നത്.

രാജനും എൽദോസും ഒന്നിച്ചാണ് ഡ്യൂട്ടിയുടെ ഭാഗമായി തട്ടേക്കാട് വനത്തോട് ചേർന്ന് കിടക്കുന്ന ഓവുങ്കൽ കടവിലേക്ക് പോയത്. എന്നാൽ രാജൻ മാത്രമാണ് പിന്നീട് തിരിച്ച് വന്നത്. ഒന്നിച്ച് ജോലി ചെയ്യുന്ന എൽദോസ് കൂടെ വന്നതിന് ശേഷം മറ്റൊരു സ്ഥലത്ത് ഇറങ്ങി എന്നായിരുന്നു രാജൻ്റെ മൊഴി. പിന്നീട് രാജൻ മൊഴി മാറ്റിപ്പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു.

അതിനിടെ, എൽദോസിൻ്റെ ചെരുപ്പ് ചെട്ടിപ്പിള്ളി ഭാഗത്ത് നിന്ന് പോലീസിന് ലഭിച്ചിരുന്നു. വസ്ത്രവും മൊബൈൽ ഫോണും ഓവുങ്കൽ കടവിൽ നിന്ന് കണ്ടെത്തിയിരുന്നു. കൂടെയുണ്ടായിരുന്ന വാച്ചർ രാജനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. പെരിയാറിൽ ചെട്ടിപ്പിള്ളി ഭാഗത്താണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →