Type to search

കോടനാട് കപ്രിയക്കാട് ഇക്കോ ടൂറിസം മേഖലയിലെ അക്വേഷ്യ മരം മുറിച്ച് മാറ്റിയില്ല; നടപടികൾ ഇഴയുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

News

പെരുമ്പാവൂർ:വനം വകുപ്പിന് കീഴിലെ കോടനാട് കപ്രിയക്കാട് ഇക്കോ ടൂറിസം മേഖലയിലെ 20 ഏക്കർ സ്ഥലത്തെ അക്വേഷ്യ മരം മുറിച്ച് മാറ്റി പകരം തദ്ദേശീയ വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും നടപടികൾ ഇഴയുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ് ആരോപിച്ചു. വനം വകുപ്പിനു കീഴിലെ കോടനാട് മുതൽ പാണംകുഴി വരെയുള്ള 250 ഏക്കർ സ്ഥലമാണ് അഭയാരണ്യം പദ്ധതി പ്രദേശം. ഇതിന്റെ കവാടമായ കപ്രിയക്കാട് ടൂറിസം സെന്ററിന്റെ പ്രവർത്തന മേഖലയിലെ 20 ഏക്കർ സ്ഥലത്ത് നിൽക്കുന്ന പൂർണ്ണവളർയെത്തിയ മരങ്ങൾ ജനവാസ മേഖലയ്ക്ക് തൊട്ട് അരുകിലാണ് നിൽക്കുന്നത്. പല മരക്കൊമ്പുകളും വഴിയിലേക്ക് അടർന്ന് വീഴാറുമുണ്ട്. ഇവിടെയുള്ള അക്വേഷ്യ മരങ്ങൾ ഉടനടി മുറിച്ചുമാറ്റാനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കണം എന്നതാണ് ആവശ്യം. ഇക്കാര്യം  അഡ്വ .എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചപ്പോൾ മരം മുറിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിരുന്നു. അക്വേഷ്യ മരങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് ജനാഭിപ്രായം. ഇതിന്റെ പൂമ്പൊടി എല്ലാ തരത്തിലുമുള്ള അലർജി രോഗങ്ങൾക്കും കാരണമാകും മറ്റ് വൃക്ഷത്തേക്കാൾ വേഗത്തിൽ ഈ മരം മണ്ണിൽ നിന്ന് ജലാംശം വലിച്ചെടുക്കും. ഇത് വരൾച്ചക്ക് കാരണമാകും ഇതിന്റെ മെഴുക് പോലുള്ള ഇലകൾ മണ്ണിൽ വേഗം ലയിച്ച് ചേരുകയില്ല. പക്ഷികൾക്കോ മൃഗങ്ങൾക്കോ കഴിക്കാൻ കഴിയുന്ന ഒരു ഫലവും ഇവ നൽകുന്നില്ല. പൂക്കളിൽ തേനില്ലാത്തതിനാൾ വണ്ടുകളോ പൂമ്പാറ്റകളോ തിരിഞ്ഞ് നോക്കാറുമില്ല.       അക്വേഷ്യ മരത്തിന്റെ ജന്മദേശം ഓസ്ട്രേലിയയാണ്. 1980 മുതലാണ് ഈ വൃക്ഷം വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ പരിപാടിയുടെ ഭാഗമായി വ്യാപകമായി കേരളത്തിൽ നട്ടത്. വഴിയോരത്ത് തണലിനു പോലും ഈ മരം വച്ച് പിടിപ്പിച്ചിരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കണ്ട് വരുന്ന ഈ നിത്യ ഹരിത വൃക്ഷം 15 മീ വരെ ഉയരത്തിൽ വളരും. കേരളത്തിൽ പല സ്ഥലത്തും വനം വകുപ്പ് പുതുതായി ഈ മരം നടുന്നതിനെതിരെ നാട്ടുകാർ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.