കൊവിഡ് രോഗികളുടെ വര്‍ധനവ്: പുതിയാപ്പ, കപ്പക്കല്‍ വാര്‍ഡുകളില്‍ സമ്ബൂര്‍ണ വാക്‌സിനേഷന്‍ നടപ്പിലാക്കും

web-desk -

കോഴിക്കോട്>>> കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത പുതിയാപ്പ, കപ്പക്കല്‍ വാര്‍ഡുകളില്‍ സമ്ബൂര്‍ണ വാക്‌സിനേഷന്‍ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഡോ.ബീന ഫിലിപ്പ്. കൗണ്‍സില്‍ ഹാളില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മേയര്‍.

പുതിയാപ്പ വാര്‍ഡിലാണ് രോഗികള്‍ കുറയാത്ത സാഹചര്യം നിലനില്‍ക്കുന്നത്. രോഗം കൂടുതല്‍ സ്ഥിരീകരിക്കുന്നതോടൊപ്പം മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കപ്പക്കല്‍ വാര്‍ഡിലാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ടുവാര്‍ഡുകളില്‍ സമ്ബൂര്‍ണ വാക്‌സിനേഷന്‍ നടപ്പിലാക്കുന്നത്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച വിഭാഗങ്ങള്‍ക്ക് നല്‍കുമെന്ന് മേയര്‍ പറഞ്ഞു.

മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും നിര്‍ദേശം നല്‍കും.വിലാസം തെറ്റായി രേഖപ്പെടുത്തുമ്ബോള്‍ ടി.പി.ആര്‍ നിര്‍ണയിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ ഡാറ്റ എന്‍ട്രിയില്‍ കൃത്യത ഉറപ്പുവരുത്തും. കോര്‍പ്പറേഷന്‍ പരിധിയിലെ ജനസംഖ്യക്ക് ആനുപാതികമായി വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

കൊവിഡ് പരിശോധനകളില്‍ ആളുകളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നുണ്ട്. ആര്‍.ആര്‍.ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തി പരിശോധന വര്‍ധിപ്പിക്കും. മാര്‍ക്കറ്റ്, ഹാര്‍ബര്‍ തുടങ്ങി ജനങ്ങള്‍ കൂടുതല്‍ എത്തുന്ന മേഖലകളില്‍ പരിശോധനകളും നിയന്ത്രണങ്ങളും ഊര്‍ജ്ജിതപ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് വിവിധ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കണം. ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന ഇടയ്ക്ക് നടത്തണം. ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി, ആരോഗ്യ സമിതി അധ്യക്ഷ ഡോ.എസ്. ജയശ്രീ, സെക്രട്ടറി കെ.യു.ബിനി, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ് ഗോപകുമാര്‍ കൗണ്‍സില്‍ അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.