കൊക്കക്കോളക്ക് പകരം വെള്ളമെടുത്ത് റൊണാള്‍ഡൊ; കമ്ബനിക്ക് ഉണ്ടായ നഷ്ടം നാല് ബില്യണ്‍ ഡോളര്‍

സ്വന്തം ലേഖകൻ -

റിയോ>>>> യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ മുന്നില്‍ വച്ച കൊക്കക്കോള കുപ്പികള്‍ എടുത്ത് മാറ്റുകയും, വെള്ളം കുടിക്കാന്‍ ഉപദേശിക്കുകയും ചെയ്ത ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിഡിയോയുടെ ഷെയറുകളുടെ എണ്ണം കൂടി, ലോകം ഏറ്റെടുത്തു. പക്ഷെ ഇതുമൂലം കമ്ബനിക്കുണ്ടായ നഷ്ടങ്ങള്‍ ചില്ലറയല്ല. കോളയുടെ ഓഹരിയില്‍ നാല് ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊക്കക്കോളയുടെ ഓഹരി വില 56.10 ഡോളറില്‍ നിന്ന്. 55.22 ആയി കുറഞ്ഞു. റൊണാള്‍ഡോയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെയുണ്ടായ ഇടിവ് 1.6 ശതമാനം. വിപണി മൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ആയും കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോയുടെ ഔദ്യോഗിക സ്പോണ്‍സര്‍മാരില്‍ ഒരാളായ കൊക്കക്കോള സംഭവത്തില്‍ പ്രതികരണമായി രംഗത്തെത്തി. “ഓരോ വ്യക്തികള്‍ക്കും പാനിയങ്ങളില്‍ മുന്‍ഗണനയുണ്ട്, അത് വ്യത്യസ്ത രുചികള്‍ ആയിരിക്കും,” കമ്ബനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കളിക്കാര്‍ക്ക് പത്രസമ്മേളനത്തില്‍ എത്തുമ്ബോള്‍ വെള്ളത്തിനൊപ്പം, കൊക്കക്കോളയും നല്‍കാറുണ്ടെന്ന് യൂവേഫ യൂറോയുടെ വക്താക്കളും പ്രതികരിച്ചു

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ അല്‍പ്പം കണിശക്കാരാനാണ് എന്നതില്‍ തര്‍ക്കമില്ല. 36-ാം വയസിലും ഫുട്ബോളില്‍ സ്ഥിരത പുലര്‍ത്താന്‍ താരത്തിന് സാധിക്കുന്നതിന്റെ പിന്നിലെ രഹസ്യം കായികക്ഷമത തന്നെയാണ്.

ഹംഗറിക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകളോടെ ടൂര്‍ണമെന്റില്‍ ഗോള്‍ വേട്ടയ്ക്കും റൊണാള്‍ഡോ തുടക്കമിട്ടിരിക്കുകയാണ്. യൂറോ കപ്പിന്റെ ചരിത്രത്തിലെ ടോപ് സ്കോറര്‍ ആകാനും താരത്തിന് സാധിച്ചു. അഞ്ച് യൂറോകളിലായി ഇതുവരെ 11 ഗോളുകളാണ് പോര്‍ച്ചുഗല്‍ നായകന്‍ നേടിയത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →