പെരുമ്പാവൂര്‍ : കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയോടു കാണിക്കുന്ന അവഗണനക്കെതിരെ ബി.കെ.എം.യു – എ.ഐ.കെ.എസ് ന്‍റെ നേതൃത്വത്തില്‍ ദേശവ്യാപകമായി നടന്ന ഉപവാസസമരത്തിന്‍റെ ഭാഗമായി പെരുമ്പാവൂര്‍ യാത്രിനിവാസിനു മുന്‍പില്‍ ഉപവാസസമരം സംഘടിപ്പിച്ചു. കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ ആശ്വാസധനം നല്‍കുക, പ്രതിമാസം 20 കിലോഗ്രാം ധാന്യം സൗജന്യമായി അനുവദിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 200 ദിവസത്തെ തൊഴിലും, പ്രതിദിനം 600 രൂപ വേതനവും നല്‍കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില നിശ്ചയിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസസമരം. കിസാന്‍സഭ മണ്ഡലം സെക്രട്ടറി പി.എന്‍.ഗോപിനാഥിന്‍റെ അദ്ധ്യക്ഷതയില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി.റെജിമോന്‍ സമരം ഉത്ഘാടനം ചെയ്തു. രാജേഷ് കാവുങ്കല്‍, എ.എസ്.അനില്‍കുമാര്‍, കെ.കെ.കുമാരന്‍, കെ.എന്‍.ജോഷി, കെ.എന്‍.രാമകൃഷ്ണന്‍, റ്റി.എസ്.സുധീഷ്, സാജു.വി.പോള്‍, കെ.എ.സുലൈമാന്‍, എ.അലിക്കുഞ്ഞ്, എം.വി.ജോയി തുടങ്ങിയവര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്തു.