Type to search

കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു

National News

ന്യൂഡൽഹി >>> കേന്ദ്രമന്ത്രിയും എൽ.ജെ.പി നേതാവുമായ രാംവിലാസ് പസ്വാൻ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സിലായിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടർന്ന് കുറച്ചുനാളായി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാൻ. ബിഹാറിൽ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു.
ജനതാ പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാർഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്. അടിയന്തരാവസ്ഥ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അറസ്റ്റിലായ പസ്വാൻ ഏറെക്കാലം തടവ് അനുഭവിച്ചു. പിന്നീട് നടന്ന നിരവധി പൊതുതിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച് ലോക്സഭയിലേക്കെത്തി.
ബിഹാർ നിമയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും പസ്വാനാണ്. ആറ് പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു.
ജനതാ പാർട്ടിക്ക് പുറമേ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ലോക്ദൾ, ജനദാതൾ എന്നീ പാർട്ടികളിലും പസ്വാൻ പ്രവർത്തിച്ചു. 2000ത്തിലാണ് ലോക്ജനശക്തി (എൽജെപി) രൂപവത്കരിച്ചത്. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്നു. ഏഴ് തവണ ബിഹാറിലെ ഹാജിപുർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കെത്തി. ഏറ്റവും ഒടുവിൽ രണ്ട് മോദി മന്ത്രിസഭയിലും അംഗമായിരുന്നു.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.