കുറുങ്ങാട്ടുമോളം – പാനായിപ്പടി പുതുപ്പാറ ടെമ്പിൾ റോഡ് നിർമാണം തുടങ്ങി

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>>വെങ്ങോല ഗ്രാമപഞ്ചായത്തിലെ കുറുങ്ങാട്ടുമോളം പാനായിപ്പടി പുതുപ്പാറ ടെംപിൾ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർമ്മാണോദ്‌ഘാടനം നിർവഹിച്ച പദ്ധതിക്ക് 50 ലക്ഷം രൂപയാണ് ആദ്യ ഘട്ടമായി അനുവദിച്ചത്. ഇവിടെ പുതിയതായി റോഡ് നിർമ്മിക്കേണ്ടി വരും. 1.50 കോടി രൂപയാണ് പദ്ധതിക്കായി ആകെ വേണ്ടി വരുന്നത്. കഴിഞ്ഞ വർഷത്തെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

കുറുങ്ങാട്ടുമോളം ഈച്ചരൻ കവല റോഡിൽ പാനായിപ്പടി ഭാഗത്ത് നിന്നാണ് റോഡ് പുതിയതായി നിർമ്മിക്കുന്നത്. 500 മീറ്റർ നീളത്തിൽ 6 മീറ്റർ വീതിയിൽ ഇരു വശങ്ങളും കെട്ടി മണ്ണ് ഇട്ട് റോഡ്  മേപ്രത്തുപടി ഈച്ചരൻ കവല റോഡിലേക്ക് ചേർക്കും. ഇതിനിടയിൽ പോകുന്ന തോടുകൾക്ക് കുറുകെ 6 മീറ്റർ വീതിയിൽ രണ്ട് പാലങ്ങളും നിർമ്മിക്കേണ്ടി വരും. പുതുപ്പാറ ക്ഷേത്രത്തിലേക്ക് പോകുന്നതിനും മേപ്രത്തുപ്പാടി, അറക്കപ്പടി ഭാഗത്തേക്ക് പോകുന്നതിനും ഈ റോഡ് നിർമ്മിക്കുന്നത് സഹായകരമാണ്. പാലായിക്കുന്ന്, കുറുങ്ങാട്ടുമോളം, ശാലേം ഭാഗത്തുള്ള മുന്നൂറോളം കുടുംബങ്ങൾക്ക് പുതിയ റോഡ് ഗുണം ചെയ്യും.
ഈ ഭാഗത്ത് കൂടി പുതിയ റോഡ് നിർമ്മിക്കുക എന്നത് പ്രദേശ വാസികളുടെ ദീർഘനാളത്തെ ആവശ്യമാണ്. പതിനാറോളം സ്വകാര്യ വ്യക്തികൾ അവരുടെ സ്ഥലം സൗജന്യമായി വിട്ടു നൽകിയാണ് റോഡ് നിർമ്മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കിയത്. പുതുപ്പാറ ക്ഷേത്രം ഭരണ സമിതി അംഗങ്ങളും പ്രദേശ വാസികളും മുൻകൈ എടുത്താണ് സ്ഥലം വിട്ടു നൽകിയത്. തുടർന്ന് പഞ്ചായത്തിന്റെ ആസ്തിയിലേക്ക് വിട്ടു നൽകിയ സ്ഥലം ഉൾപ്പെടുത്തിയതോടെയാണ് റോഡ് നിർമാണം യാഥാർഥ്യമാകുന്നത്. വെങ്ങോല പഞ്ചായത്തിലെ പതിനെട്ട്, ഇരുപത്തിയൊന്ന്, ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന് വാർഡുകൾക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് ഇത്. 
വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു മാത്താറ,  മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ മുക്താർ, പഞ്ചായത്തംഗം എം.എ സലിം, കെ.എൻ സുകുമാരൻ, വി.എച്ച് മുഹമ്മദ്, എൻ.ബി ഹമീദ്, കുറുങ്ങാട്ടുമോളം റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്ബ്, പുതുപ്പാറ ക്ഷേത്രം സെക്രട്ടറി സോമൻ കർത്ത തുടങ്ങിയവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *