ഇടുക്കി>>> വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതിരുന്നതിനെ തുടർന്ന് കാന്തല്ലൂരിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ മാറമ്പള്ളി നാട്ടുകയ്യിങ്കൽ നാദിർഷാ (30) ആണ് മരിച്ചത്. മറയൂർ സ്വദേശിനിയായ യുവതിയെ ഗുരുതരാവസ്ഥയിൽ കോലഞ്ചേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ സ്കൂളിൻ്റെ വാർഷികത്തിന് വിദ്യാർത്ഥികളെ ഡാൻസ് പഠിപ്പിക്കാൻ പെരുമ്പാവൂരിൽ നിന്നും എത്തിയിരുന്ന സംഘത്തിലെ സഹായി ആയിരുന്നു യുവാവ്. ഇതിനിടെ സ്കൂളിലെ അദ്ധ്യാപികയായ യുവതിയുമായി പരിചയപ്പെടുകയും, ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും ചെയ്തു. ഈ ബന്ധം യുവാവിൻ്റെ വീട്ടുകാർ അംഗികരിച്ചുകൊടുക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാൾക്കായി വിവാഹാലോചനകൾ ആരംഭിച്ചതോടെ ഇരുവരും ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.
വ്യാഴാഴ്ച്ച രാവിലെ പെരുമ്പാവൂരിൽ നിന്നും കാറുമായി നാദിർഷ മറയൂരിൽ എത്തി വീട്ടിൽ നിന്നും യുവതിയെയും കൂട്ടി ഇരച്ചില്‍ പാറ, കാന്തല്ലൂര്‍ ഗുഹനാഥപുരം എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങി. തുടർന്ന് കാന്തല്ലൂർ കുളച്ചിവേൽ കുടിക്ക് സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഭ്രമരം പോയിന്റില്‍ എത്തി. അവിടെ കാര്‍ നിര്‍ത്തിയിട്ട ശേഷം, വിവാഹം വീട്ടുകാര്‍ സമ്മതിക്കില്ലന്നും, അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ച് മൊബൈലിൽ വീഡിയോ ചിത്രീകരിച്ച ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കരുതുന്നു.
ഭ്രമരം പോയിന്റിലെത്തിയ വിനോദ സഞ്ചാരികള്‍ താഴെ ഭാഗത്ത് യുവതിയുടെ ശബ്ദം കേള്‍ക്കുന്നതായി അതുവഴി എത്തിയ തൊഴിലുറപ്പ് തൊഴിലാളികളായ സമീപവാസികളോട് പറഞ്ഞു. ഇവരാണ് ഇരു കൈകളിലെയും ഞരമ്പുകൾ മുറിഞ്ഞ് അവശനിലയിലായ യുവതിയെ കണ്ടെത്തിയത്. യുവതിയിൽ നിന്നാണ് പാറയ്ക്ക് താഴെ ആള് വീണീട്ടുണ്ടെന്ന് അറിയുന്നത്.
തൊഴിലാളികള്‍ ഉടനെ കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ടി. മോഹന്‍ദാസിനെ വിളിച്ചറിയിക്കുകയും, തുടര്‍ന്ന് ജീപ്പിൽ യുവതിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാൽ നില ഗുരുതരമായതിനാല്‍ കോലഞ്ചേരിയിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
സംഭവസ്ഥലത്ത് നിന്നും കൈകള്‍ മുറിക്കാന്‍ ഉപയോഗിച്ച ബ്ളേഡ്, മദ്യക്കുപ്പി, ഇരുവരുടെയും ചെരുപ്പുകള്‍, വസ്ത്രം, മൊബൈല്‍ ഫോണ്‍ എന്നിവ രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ കണ്ടെത്തി.
മറയൂര്‍ പൊലീസ്, കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍ പഞ്ചായത്തംഗം ശിവന് രാജ് എന്നിവരുടെ നേതൃത്വത്തില്‍ കുളച്ചിവയല്‍ ആദിവാസിക്കുടിയിലെ യുവാക്കളുടെ സഹായത്തോടെ മൂന്ന് മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് 6 ഓടെ പാറക്കെട്ടിന് താഴ് ഭാഗത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.
മറയൂർ പൊലീസ് മേൽ നടപടി സ്വീകരിച്ച മൃതദേഹം മറയൂർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Follow us on