കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ ബഹിഷ്‌കരിക്കും, എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം

-

കൊച്ചി>>സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരണത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നു. ജനാഭിമുഖ കുര്‍ബ്ബാന അംഗീകരിക്കാത്ത കര്‍ദ്ദിനാള്‍ ആലഞ്ചേരിയെഎറണാകുളം-അങ്കമാലി അതിരൂപതയിലെ പരിപാടികളില്‍ ബഹിഷ്‌കരിക്കുമെന്ന് വിമതവിഭാഗം അറിയിച്ചു.

ജനാഭിമുഖ കുര്‍ബ്ബാനയ്ക്ക് തടസം നില്‍ക്കുന്ന കര്‍ദ്ദിനാള്‍ വിഭാഗത്തിനെതിരെയുള്ള തുടര്‍ സമരപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന വിമത വിഭാഗമായ അല്‍മായ മുന്നേറ്റത്തിന്റെ കൊച്ചി കലൂരിലെ യോഗത്തിലാണ് തീരുമാനം.

വൈദികരും വിശ്വാസികളും പങ്കെടുത്ത യോഗത്തിലാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. മാര്‍പ്പാപ്പയുടെ നിലപാടിനെ അംഗീകരിക്കുമെന്നും അവര്‍ അറിയിച്ചു.

വിമത വിഭാഗം കലൂരില്‍ യോഗം ചേര്‍ന്ന അതേസമയത്ത് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്ന സഭ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കൊച്ചിയിലെ എറണാകുളം-അങ്കമാലി സഭ ആസ്ഥാനത്ത് പ്രതിഷേധിച്ചു. തുടര്‍ന്ന് കുര്‍ബ്ബാന ഏകീകരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ്പ് ആന്റെണി കരിയിലിനെ കണ്ടു. വരും ദിവസങ്ങളില്‍ കര്‍ദ്ദിനാളിനെതിരെ സമരം കടുപ്പിക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. അതേ നാണയത്തില്‍ ചെറുക്കുമെന്നാണ് സഭ സംരക്ഷണ സമിതിയുടെ നിലപാട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →