കമ്മ്യൂണിസ്റ്റ് ആചാര്യൻ പി കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത കേസിൽ വിധി ഇന്ന്

web-desk - - Leave a Comment

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ വിധി ഇന്ന്. സംഭവം നടന്ന് ഏഴ് വര്‍ഷം തികയുമ്പോഴാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. സിപിഎമ്മിലെ വിഭാഗീതയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ വാദം. വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പടെ അഞ്ച് പേര്‍ കേസില്‍ പ്രതികളാണ്.2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകര്‍ക്കുകയും ചെയ്തു. ലോക്കല്‍ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2014 ഒക്ടോബറില്‍ സിപിഎം പ്രവര്‍ത്തകരെ പ്രതിയാക്കി കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ലതീഷ് ബി ചന്ദ്രന്‍ ഒന്നാംപ്രതി. കണ്ണര്‍കാട് മുന്‍ ലോക്കല്‍ സെക്രട്ടറി പി.സാബു, സിപിഎം പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയും പ്രതികളാക്കി. യുഡിഎഫ് ഭരണകാലത്തെ ക്രൈംബ്രാഞ്ച് അന്വേഷണമാണെങ്കിലും പ്രതികളെയെല്ലാം സിപിഎം പുറത്താക്കി.
പാര്‍ട്ടിതലത്തില്‍ അന്വേഷണവും ഉണ്ടായില്ല. 2016 ഏപ്രില്‍ 28 ന് കേസില്‍ ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലെന്ന് വരുത്തിതീര്‍ക്കാനായിരുന്നു സ്മാരകം തകര്‍ത്തതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. ക്രിമിനല്‍ ഗൂഢാലോചനയടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കേസില്‍ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തരെ വി.എസ്. അച്യുതാനന്ദന്‍ പിന്തുണച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി ശക്തമായ എതിര്‍ത്തു. സിപിഎം വിഭാഗീയത രൂക്ഷമായകാലത്ത് കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ കേസിലാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *