കനാലുകൾ നന്നാക്കും. വെള്ളം തുറന്ന് വിടും

web-desk - - Leave a Comment

പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ പെരിയർ വാലി കനാലുകളും മൈനർ ഇറിഗേഷൻ വകുപ്പിന് കനാലുകളും ഉടൻ തന്നെ നന്നാക്കും. തുടർന്ന് ജനുവരി ആദ്യ ആഴ്ചയിൽ തന്നെ ജല വിതരണം ആരംഭിക്കുവാനും തീരുമാനമായി. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും പെരിയാർ വാലി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. വകുപ്പുകൾക്ക് ലഭ്യമായ തുക ഉപയോഗിച്ചും തൊഴിലുറപ്പ് പദ്ധതി പ്രകാരവുമാണ് കനാലുകൾ നന്നാക്കുന്നത്.

പെരിയാർ വാലിയുടെ കനാലുകളിൽ 202 പ്രവൃത്തികൾ ടെൻഡർ നടപടികളിലാണ്. ഏകദേശം 22.33 കോടി രൂപയുടെ മെയിന്റനൻസ് പ്രവൃത്തികളാണ് പെരിയാർ വാലി ഇറിഗേഷൻ പദ്ധതിയിൽ നടപ്പിലാക്കുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ 18 ലിഫ്റ്റ് ഇറിഗേഷൻ കനാലുകളിൽ 14 കനാലുകൾ ശുചികരിച്ചു കഴിഞ്ഞു. 3 എണ്ണം താമസിയാതെ ജല വിതരണത്തിന് സജ്ജമാക്കും. 41 ലക്ഷം രൂപയുടെ 3 പ്രവൃത്തികളാണ് മൈനർ ഇറിഗേഷനിൽ നടപ്പിലാക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി മറ്റു കനാലുകൾ ശുചികരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.. പെരിയാർ വാലി കനാലിന്റെ ഹൈലൈവൽ, ലോ ലെവൽ കനാലുകളിലൂടെയും മൈനർ ഇറിഗേഷന്റെ 18 ലിഫ്റ്റ് ഇറിഗേഷൻ കനാലുകളിലൂടെയുള്ള വെള്ളം ഉപയോഗിച്ചാണ് കുടിവെള്ളവും കൃഷിയും മറ്റ് ആവശ്യങ്ങളും നിറവേറ്റുന്നത്.

രൂക്ഷമായ വേനലിന്റെ തുടക്കം തന്നെ പല കിണറുകളിലും ജലം താഴ്ന്ന് തുടങ്ങിയിരുന്നു. നെൽ, പച്ചക്കറി തുടങ്ങിയ കൃഷികൾക്കായി കർഷകർ പ്രധാനമായും ആശ്രയിക്കുന്നത് കനാൽ വെള്ളത്തെയാണ്. നിയോജക മണ്ഡലത്തിലെ പല പ്രദേശത്തും ജല ദൗർലഭ്യം രൂക്ഷമായതിനെ തുടർന്നാണ് എം.എൽ.എ അടിയന്തിരമായി യോഗം വിളിച്ചു ചേർത്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്‌ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ, വൈസ് പ്രസിഡന്റ് എ.റ്റി അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി പ്രകാശ്, പ്രീത സുകു പെരിയാർ വാലി ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എൻജിനിയർ ബിജി, മൈനർ ഇറിഗേഷൻ അസി. എൻജിനിയർ വിൽസൻ, മറ്റു ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *