Type to search

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ -: പിടി വീണത് 2575 വാഹനങ്ങൾക്ക്

Kerala News

പെരുമ്പാവൂർ: കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ച്, എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ അപകടത്തിലേക്കു തള്ളിവിടുന്ന 2575 വാഹനങ്ങൾ മോട്ടർ വാഹന വകുപ്പിന്റെ സംസ്ഥാന വ്യാപക രാത്രികാല പരിശോധനയിൽ കുടുങ്ങി.ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ തിരുവനന്തപുരം 33, കൊല്ലം 498, ആലപ്പുഴ 139, കോട്ടയം 701, ഇടുക്കി 47, എറണാകുളം 427, മലപ്പുറം 278, കോഴിക്കോട് 76, വയനാട് 13,കണ്ണുർ 300, കാസർഗോഡ് 62.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഉള്ള കണക്കാണിത്. രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ്‌ ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ്‌ലൈറ്റുകളുടെ പ്രകാശം പലപ്പോഴും അസഹനീയമാണ്. പ്രകാശം കണ്ണിൽവീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് ഉണ്ടായ അപകടങ്ങളും ധാരാളം. വാഹനത്തിൽ ലൈറ്റ് ഡിം അടിക്കാനുള്ള സൗകര്യമുണ്ടെന്ന് ചിലർക്ക് അറിയുക പോലുമില്ല. കൂടാതെ, മോട്ടോർ വാഹന നിയമപ്രകാരം, നഗരവീഥികളിലും എതിരെ വാഹനം വരുമ്പോഴും ഡിം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. രാത്രികാലങ്ങളിൽ ഓവർടേക്ക് ചെയ്യുമ്പോഴും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാൻ വേണ്ടിയാണിത്.
വാഹനങ്ങളിൽ ഫോഗ് ലാംപ് ഘടിപ്പിക്കുന്നതിന് ചില നിബന്ധനകളുണ്ട്. കടുത്ത മഞ്ഞുള്ള സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങളിൽ ഫോഗ് ലാംപ് ഉപയോഗിക്കാൻ അനുമതിയുള്ളൂ. അവ പകൽ സമയത്ത് പ്രകാശിപ്പിക്കാൻ പാടില്ല, മൂടിവെയ്ക്കണം എന്നാണ് നിയമം. ഹെഡ് ലൈറ്റിന് മുകളിൽ ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കാനും പറ്റില്ല. ഗ്ലെയ്ർ അടിക്കാത്ത ഹെഡ്‌ലൈറ്റുകൾ മാറ്റി, തീവ്രപ്രകാശം ചൊരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പിടിപ്പിക്കുന്നത് അനുവദനീയമല്ല.
മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമോ അസൗകര്യമോ ഉണ്ടാക്കുന്ന വിധം ലൈറ്റ് പ്രവർത്തിപ്പിക്കുന്നതും ഹെഡ് ലൈറ്റ് ഡിം ചെയ്യാതിരിക്കുന്നതും മോട്ടോര്‍ വാഹനനിയമമനുസരിച്ച് കുറ്റമാണ്. കൂടാതെ, ലൈറ്റുകളുടെ മേല്‍ അനുവദനീയമല്ലാത്ത നിറങ്ങള്‍ പൂശുകയോ സ്റ്റിക്കറുകള്‍ ഒട്ടിക്കുകയോ ചെയ്യുക, റജിസ്‌ട്രേഷന്‍ സമയത്തുണ്ടായിരുന്ന ലൈറ്റുകൾക്കു പുറമേ സ്‌പോട്ട് ലൈറ്റുകള്‍, കളര്‍ എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുക, കൂടിയ പ്രകാശമുള്ള ഹൈ- ഇന്റന്‍സിറ്റി ബള്‍ബുകൾ ഹെഡ് ലൈറ്റുകളില്‍ ഉപയോഗിക്കുക എന്നിവ റജിസ്‌ട്രേഷന്‍ വ്യവസ്ഥകളുടെ ലംഘനമായതിനാൽ പിഴ ഈടാക്കാവുന്ന കുറ്റമാണ്.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.