കട്ടപ്പന: പ്രണയം നിരസിച്ച വിവാഹിതയായ യുവതിക്കു നേരെ കട്ടപ്പന ടൗണിൽ യുവാവിന്‍റെ ആക്രമണം. ഞായറാഴ്ച്ച വൈകിട്ട് നാലോടെയാണ് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍റിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്. ടൗണിൽ ബ്യൂട്ടി പാർലർ നടത്തുന്ന വിവാഹിതയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. മുഖത്ത് നാലോളം കുത്തേറ്റ യുവതിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിലിയും പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലേക്കും കൊണ്ടുപോയി. സംഭവത്തിൽ ചക്കുപള്ളം മാട്ടൻകൂട്ടിൽ അരുണ്‍കുമാർ(27) കട്ടപ്പന പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്ന് അരുൺകുമാർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നാളുകളായി ഇയാൾ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഞായറാഴ്ച്ച വൈകിട്ട് സ്ഥാപനത്തിലെത്തിയ യുവാവ് യുവതിയുമായി വാക്കു തർക്കത്തിലായി. ഇതിനിടെ യുവാവ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന കത്തി കൊണ്ട് യുവതിയെ കുത്തുകയായിരുന്നു.
യുവതിയുടെ മുഖത്താണ് കുത്തേറ്റത്. നാലോളം കുത്തുകൾ മുഖത്തുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിൽ ഒരു കുത്ത് യുവതിയുടെ കൺപുരികത്തിനാണ് കൊണ്ടിരിക്കുന്നത്. ഇതിനാൽ വിദഗ്ദ ചികിത്സക്കായി യുവതിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്‌തു വരികയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും കട്ടപ്പന പോലീസ് പറഞ്ഞു