പെരുമ്പാവൂർ >>>രായമംഗലം ഗ്രാമപഞ്ചായത്തിലെ കടിഞ്ഞൂൽ ചിറ ഭാഗത്ത് നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചു പെരിയാർ വാലി ലൊ ലെവൽ കനാലിന്റെ കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 23.70 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
കീഴില്ലം കുറിച്ചിലക്കോട് റോഡിൽ നിന്ന് തായ്ക്കരചിറ ഭാഗത്തേക്ക് വരുന്നതിന് ഏകദേശം ഇരുനൂറ്റിയൻപതോളം കുടുംബങ്ങൾക്ക് പാലം പ്രയോജനം ചെയ്യും. മഴവെള്ളം പോകുന്നതിന് കനാലിന് കുറുകെ പെരിയാർ വാലി നിർമ്മിച്ച ചാനലിന് മുകളിൽ ഇട്ട സ്ലാബിലൂടെയാണ് ജനങ്ങൾ വർഷങ്ങളായി പാലം കടക്കുന്നത്. പുതിയ പാലം നിർമ്മിക്കണമെന്ന പ്രദേശ വാസികളുടെ ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണെന്ന് എൽദോസ് കുന്നപ്പിള്ളി ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു. 11 മീറ്റർ നീളത്തിൽ 4.5 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി ജ്യോതിഷ് കുമാർ, പഞ്ചായത്ത് അംഗം രാജൻ വർഗീസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലിൽ, കെ.വി ജെയ്‌സൺ, കെ.വി പോളച്ചൻ, ലൈജു തോമസ്, ഷിജോ വർഗീസ്, കെ.വി ഷാ, ചെറിയാൻ ജോർജ്, എബി പരത്തുവയലിൽ, പൗലോസ് നെല്ലാക്കാരൻ, സാജു മൂലേക്കുടി, വർഗീസ് മാലിൽ, ജെലിൻ രാജൻ, വിജു കീഴില്ലം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ.വി എൽദോ നന്ദി രേഖപ്പെടുത്തി