ഓപ്പറേഷൻ ഡാർക്ക് ഹണ്ട്- പത്തോളം കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>>കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ പത്തോളം കേസുകളിലെ പ്രതിയായ വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പിൽ വീട്ടിൽ അമൽ (25) നെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കുറുപ്പംപടി, കോതമംഗലം, അങ്കമാലി തുടങ്ങിയ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, അനധികൃത സംഘം ചേരൽ, ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കേസിലെ പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻ്റെ ഭാഗമായാണ് നടപടി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഇയാളെ 2017ൽ കാപ്പാ നിയമകാരം 6 മാസം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നതാണ്. അമലിൻ്റെ കൂട്ടാളികളിൽ ഒരാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കവേ പോലീസുദ്യോഗസ്ഥരെ വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയും, ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസപ്പെടുത്തുകയും ചെയ്ത കേസിൽ ഇയാളെയും കൂട്ടരെയും ജയിലിൽ പാർപ്പിച്ചിരിക്കെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. കുറുപ്പംപടി എസ്.എച്ച്.ഒ കെ.ആർ മനോജിൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻ്റെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻ്റെ ഭാഗമായി ഈ മാസം 5 ഗുണ്ടകളെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇതു വരെ 16 പേരെ കാപ്പ പ്രകാരം ജയിലിലടക്കുകയും 23 പേരെ നാടുകടത്തുകയും ചെയ്തു. കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്ന് എസ്.പി കെ.കാർത്തിക് പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *