‘ഒറ്റമുറിയില്‍ നിന്നും പുറത്തിറങ്ങിയ സ്ത്രീ പറഞ്ഞു, എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല, എന്നെ ഭര്‍ത്താവ് നന്നായി നോക.

സ്വന്തം ലേഖകൻ -

നെന്മാറ>>>  പാലക്കാട് പ്രണയിനിയെ പത്തുവര്‍ഷത്തോളം മുറിക്കുള്ളില്‍ ഒളിപ്പിച്ച്‌ വെച്ച റഹ്‌മാനെന്ന യുവാവിന്റെ കഥയാണ് രണ്ടു ദിവസമായി കേരളം ചര്‍ച്ച ചെയ്യുന്നത്. റഹ്‌മാന്‍-സജിത പ്രണയത്തെ വാഴ്ത്തിപ്പാടുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍, സൂചിമുറി പോലുമില്ലാത്ത മുറിയില്‍ ഒരു സ്ത്രീ ഒളിച്ച്‌ താമസിക്കുക എന്ന് പറയുന്നത് കൗതുകവാര്‍ത്തയല്ലെന്ന് വ്യക്തമാക്കുകയാണ് ഡിവൈഎഫ്‌ഐ നേതാവും സംസ്‌കാരിക പ്രഭാഷകനുമായ എം ജെ ശ്രീചിത്രന്‍. ജീവപര്യന്തത്തിലും കൂടിയ കൊടുംകുറ്റവാളികള്‍ക്ക് വിധിക്കുന്ന ഏകാന്തത്തടവാണ് അവരനുഭവിച്ചച്ചതെന്ന് ശ്രീചിത്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ശ്രീചിത്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇവരുടെ ചിത്രവും സംസാരവുമെല്ലാം പലവട്ടം ആവര്‍ത്തിച്ചു കണ്ടു. അവിശ്വസനീയം, അസാധാരണം, അത്ഭുതകരം എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ക്കപ്പുറത്ത് ഇവരുടെ അനുഭവത്തില്‍ നാം ചിന്തിക്കേണ്ട പലതുമുണ്ട്. പത്തു വര്‍ഷക്കാലം ബാത്ത്റൂമില്ലാത്ത ഒരൊറ്റമുറിയില്‍ ഒരു സ്ത്രീ ഒളിച്ചുതാമസിക്കുക എന്നത് ഒരു കൗതുകവാര്‍ത്തയല്ല. ജീവപര്യന്തത്തിലും കൂടിയ ,കൊടുംകുറ്റവാളികള്‍ക്ക് വിധിക്കുന്ന ഏകാന്തത്തടവാണ് അവരനുഭവിച്ചത്. ചെയ്ത പാതകം പ്രണയമാണ്.

1) പ്രണയം എന്ന് അതിനൊപ്പം എഴുതിച്ചേര്‍ത്താല്‍ എല്ലാം അവസാനിക്കില്ല. ശരിയാണ്, പ്രണയത്തിന് പല സാഹസികമായ അവസ്ഥാന്തരങ്ങളുമുണ്ട്. പക്ഷേ പത്തു വര്‍ഷത്തെ ഏകാന്തത്തടവിന് ആ വാക്ക് അനുയോജ്യമല്ല. കാല്‍പ്പനികതയുടെ മാറാല പിടിപ്പിക്കാതെ കണ്ടാല്‍ പത്തുവര്‍ഷം അവരെ തുറുങ്കിലിട്ടത് പ്രണയത്തിന്‍്റെ സങ്കല്‍പ്പലോകമല്ല, മതാധികാരത്തിന്‍്റെയും ജാത്യഭിമാനത്തിന്‍്റെയും പ്രായോഗികലോകമാണ്. അവിടെയുള്ള വിചാരണകളെ ഒഴിവാക്കാനാഗ്രഹിക്കുന്നവരുടെ തന്ത്രനില മാത്രമാണ് ഇതിലെ ഉദാത്ത പ്രണയ വാഴ്ത്തുകള്‍.

2) അസാധാരണത്വം കല്‍പ്പിച്ച്‌ എല്ലാവരും കണ്ണു മിഴിക്കുന്ന ഇത്തരമൊന്ന് ഇക്കാലത്ത് നടന്നു എന്നതിനര്‍ത്ഥം ആധുനിക സമൂഹമെന്ന നിലയില്‍ നാമിന്നും പരിണമിച്ചിട്ടേയില്ല എന്നാണ്. മനുഷ്യരെ പരിഗണിക്കാത്ത ആധുനിക പൂര്‍വ്വമായ മതബോധത്തിലാണ് പ്രശ്നത്തിന്‍്റെ കാതല്‍.

3) മനുഷ്യന്‍ അടിസ്ഥാനപരമായി സാമൂഹിക ജീവിയാണ്. മാര്‍ക്സ് പറഞ്ഞപോലെ ‘സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമാണ്’. തല സ്വയമുയര്‍ത്തിപ്പിടിക്കാന്‍ പോലും കഴിവില്ലാത്ത വിധം നിസ്സഹായമായി ജനിക്കുന്ന മനുഷ്യശിശു സുരക്ഷിതമായി വളരുന്നതു തന്നെ മനുഷ്യന്‍്റെ സാമൂഹികജീവിതം കൊണ്ടാണ്. കോവിഡ് കാലം കൊണ്ടുവന്ന ശാരീരികഅകലം എത്ര ദുസ്സഹമായ സാമൂഹികഅകലമായി പ്രവര്‍ത്തിച്ചു, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് നമുക്കറിയാം. പത്തുവര്‍ഷം നീണ്ട ഏകാന്തത്തടവ് എന്താണെന്ന് അനുഭവിച്ചവര്‍ക്കേ അറിയൂ. അത്തരമൊന്നിലേക്ക് അവരെ നയിച്ച കാരണം മതാധിഷ്ഠിതമായ മനുഷ്യവിദ്വേഷവും അന്ധവിശ്വാസങ്ങളുമാണ്. പലവട്ടം അയാളെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി എന്നയാള്‍ തന്നെ പറഞ്ഞു. വീട്ടുകാര്‍ സമ്മതിക്കാത്തതിന്‍്റെ അടിസ്ഥാന കാരണവും മറ്റൊന്നല്ല.

4) വ്യവസ്ഥാപിത കുടുംബം ഒന്നാന്തരം തുറുങ്കാണ്. ഒരേ സമയം അത് സ്ത്രീയേയും പുരുഷനേയും തുറുങ്കിലിടുന്നു. ജനാധിപത്യവല്‍ക്കരിക്കാത്ത കുടുംബത്തിലെ എല്ലാ സ്ത്രീകളും തുറുങ്കില്‍ തന്നെയാണ്. ചുറ്റും നോക്കിയാല്‍ മതി, ഇഷ്ടം പോലെ അവരെക്കാണാം. മുറ്റത്തേക്കും ആണ്‍ നിശ്ചയിക്കുന്ന ഇടങ്ങളിലേക്കും അടുക്കള to ബെഡ്റൂം ഇടങ്ങളിലേക്കും മാത്രം യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ ഇതെങ്ങനെ കാണുന്നു എന്നറിയില്ല. ഒറ്റമുറിയിലെ ഏകാന്തത്തടവിനു ശേഷം പുറത്തിറങ്ങിയ ആ സ്ത്രീയും പറയുന്നത് ‘എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല, എന്നെ ഭര്‍ത്താവ് നന്നായി നോക്കി ‘ എന്നാണ്. കാലിലെ ചങ്ങല പാദസരമാണെന്നു ധരിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളും ഇതുതന്നെയാണ് പറയുന്നത്. സ്വാതന്ത്ര്യമെന്നത് അനുഭവത്താല്‍ മാത്രം ബോധ്യം വരുന്ന യാഥാര്‍ത്ഥ്യമാണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →