
കീവ്>> രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ എത്തുന്ന വിദേശികള്‍ക്ക് ഭാവിയില്‍ പൗരത്വം നല്‍കുമെന്ന് യുക്രൈന്. ഇതുവരെ മുപ്പതോളം രാജ്യങ്ങളില്‍ നിന്നായി പതിനാറായിരത്തിലേറെ പേര് റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് യുക്രൈന്റെ കണക്ക്. ജോര്‍ജിയയിലെ മുന്‍ പ്രതിരോധ മന്ത്രിയും യുദ്ധസന്നദ്ധനായി എത്തിയിട്ടുണ്ട്.
യുദ്ധം തുടങ്ങിയതിന് പിന്നാലെ തന്നെ യുക്രൈന് വേണ്ടി പോരാടാന്‍ വിദേശികളെ പ്രസിഡന്റ് വൊലോദിമിര്‍ സെലന്‍സ്കി ക്ഷണിച്ചിരുന്നു. ടെറിറ്റോറിയല്‍ ഡിഫെന്‍സിന്റെ ഇന്റര്‍നാഷണല്‍ ലീജിയണില്‍ ഇതുവരെ പതിനാറായിരത്തിലേറെ പേര് ചേര്‍ന്നെന്നാണ് യുക്രെയ്ന്റെ കണക്ക്. വിവിധ രാജ്യങ്ങളിലെ യുക്രെയ്ന് എംബസികള്‍ കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ട്മെന്റ്.
വിരമിച്ച സൈനികരും സൈനിക പരിശീലനമേ ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. പോരാട്ടത്തിന് സന്നദ്ധരായി എത്തുന്നതിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടന്നാണ് അവരുമായി സംസാരിച്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. യുക്രൈനെ യുദ്ധമുഖത്ത് സഹായിക്കാന്‍ ജോര്‍ജിയയുടെ മുന്‍ പ്രതിരോധ മന്ത്രി ഇറാക്ലി ഒക്രുവാഷ്‍വിലി എത്തിയെന്ന് യുക്രൈന്റെ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.
ജോര്‍ജിയയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. നേരത്തെ ലാത്വിയയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും യുദ്ധം ചെയ്യാനായി എത്തിയിരുന്നു. വിദേശത്ത് നിന്നെത്തിയവരില്‍ ഭാവിയില്‍ യുക്രെയ്ന് പൗരത്വം സ്വീകരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അത് നല്‍കുമെന്ന് ആഭ്യന്തര സഹമന്ത്രി യെവ്‍ഹിന്‍ യെനിന് പറഞ്ഞിരുന്നു.