ഐ ടി ആക്‌ട് 66 എ പ്രകാരം കേസെടുക്കരുത്: പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രം

web-desk -

ന്യൂഡല്‍ഹി>>>  ഐ ടി ആക്‌ട് 66 A പ്രകാരം കേസെടുക്കരുതെന്ന് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ 3 വര്‍ഷം വരെ തടവ് ലഭിക്കുന്നതായിരുന്നു 66 A നിയമം.

ജനാധിപത്യ വിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരും ആണെന്ന് ചൂണ്ടികാട്ടി സുപ്രീം കോടതി ഈ നിയമം റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും റദ്ദ് ചെയ്ത ഈ നിയമത്തിന്റെ പേരില്‍ അറസ്റ്റുകള്‍ നടക്കുന്നുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തി. അതിനു പിന്നാലെയാണ് ഐ ടി ആക്‌ട് 66 എ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചത്.

പൊലീസ് സ്‌റ്റേഷനുകള്‍ക്ക് ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കണമെന്നും കേസുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.